വാഷിങ്ടൺ ഡി.സി.: രാജ്യവ്യാപകമായി നടന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ ട്രംപിന്റെ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു പിന്തുണച്ച 96 ശതമാനം സ്ഥാനാർത്ഥികളുടേയും വിജയമെന്ന് ട്രംപിന്റെ മുൻ വക്താവ് ടെയ്‌ലർ ബുഡോവിച്ച് പ്രസ്താവനയിൽ അറിയിച്ചു.

ട്രംപിന്റെ നേതൃത്വത്തിലും, നയപരിപാടികളിലും അമേരിക്കൻ ജനത വിശ്വാസമർപ്പിച്ചിരിക്കുന്നുവെന്നും, അവരെ ഒരൊറ്റ ചരടിൽ കോർത്തിണക്കുവാൻ കഴിയുന്ന ശക്തനായ നേതാവാണ് ട്രംപെന്നും അദ്ദേഹം വ്യക്തമാക്കി.

റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന്റെ മേധാവിത്വത്തെ ചോദ്യം ചെയ്യുന്നതിനുള്ള കഴിവുള്ള ആരും തന്നെയില്ലെന്നും, 2022 ലെ പ്രൈമറി തെരഞ്ഞെടുപ്പ് അർത്ഥശങ്കക്കിടമില്ലാതെ അത് തെളിയിച്ചിരിക്കുകയാണെന്നും ടെയ്‌ലർ പറഞ്ഞു.

ഒഹായോ, ഇന്ത്യാന, കെന്റക്കി, ടെക്‌സസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിജയം ആവർത്തിച്ചപ്പോൾ ജോർജിയ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച ട്രംപിിന്റെ സ്ഥാനാർത്ഥി പെർസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഈ മാസമാദ്യം നടന്ന പ്രൈമറിയിൽ ഒഹായോ, ഇന്ത്യാന സംസ്ഥാനങ്ങളിലെ മുഴുവൻ റിപ്പബ്ലിക്കൻ സ്ഥാനാർ്തഥികളും വിജയിച്ചത് ട്രംപിന്റെ എൻഡോഴ്‌സ്‌മെന്റിന്റെ ഫലമാണെന്നും അദ്ദേഹം തുടർന്ന് പറയുന്നു.

2024 ൽ ട്രംപിന്റെ തിരിച്ചുവരവിന് അടിവരയിടുന്നതാണ് പ്രൈമറിയിൽ അദ്ദേഹത്തിന് ലഭിച്ച വോട്ടർമാരുടെ അംഗീകാരമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ട്രംപിനെതിരെ രംഗത്തിറങ്ങാൻ റിപ്പബ്ലിക്കൻ പാർട്ടിയിൽ ശക്തരായ നേതാക്കളില്ലെന്നും അദ്ദേഹം പറഞ്ഞു.