ടെക്‌സസ്: ടെക്‌സസ് സ്‌ക്കൂൾ വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ടു അദ്ധ്യാപകരിൽ ഒരാളായ ഇർമാ ഗാർസിയായുടെ ഭർത്താവ് സംസ്‌കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടത്തവെ മെയ് 26 വ്യാഴാഴ്ച കുഴഞ്ഞുവീണു മരിച്ചു.

റോസ് എലിമെന്ററി സ്‌കൂളിലെ എല്ലാവർക്കും പ്രിയപ്പെട്ട അദ്ധ്യാപികയായിരുന്നു ഇർമാഗാർസിയ. കഴിഞ്ഞ 24 വർഷമായി സന്തോഷകരമായ കുടുംബ ജീവിതം നയിച്ചുവരികയായിരുന്നു. ഇർമാ ഗാർസിയായുടെ സഹപ്രവർത്തക ഇവാ മിലെസാണ് മരിച്ച രണ്ടാമത്തെ അദ്ധ്യാപിക.

ക്ലാസിലെ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിന് ശ്രമിക്കുന്നതിനിടയിലാണ് ഇർമക്ക് വെടിയേറ്റതെന്ന് മകൻ ക്രിസ്റ്റിൻ ഗാർസിയ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇർമയുടെ സംസ്‌കാരത്തിന് ആവശ്യമായ പൂക്കൾ വാങ്ങുന്നതിനിടയിലാണ് ഗാർസിയ കുഴഞ്ഞുവീണത്. കുടുംബാംഗങ്ങൾ സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേ സമയം സ്‌കൂൾ വെടിവയ്‌പ്പിന് മുമ്പ് വീട്ടിൽ വച്ചു വെടിയേറ്റ അമ്മൂമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണെന്ന് അധികൃതർ അറിയിച്ചു. കൊച്ചുമകൻ ചെയ്തതിന് 'സോറി' എന്ന വാക്ക് ആവർത്തിച്ചു വിതുമ്പി കരയുകയാണ് അപ്പൂപ്പനായ റൊണാൾഡൊ റെയിസ്. കൊച്ചുമകൻ തോക്കു വാങ്ങിയ വിവരം അറിഞ്ഞിരുന്നില്ലെന്നും റൊണാൾഡൊ പറഞ്ഞു.

സ്‌കൂൾ പഠനം ഈ വർഷം അവസാനിപ്പിച്ച കൊച്ചുമകൻ തന്നോടൊപ്പം ചില സമയങ്ങൾ ജോലിക്ക് വന്നിരുന്നതായും, പ്രതിയുടെ മാതാവുമായി ചില പ്രശ്‌നങ്ങൾ ഉള്ളതിനാൽ തന്നോടൊപ്പമാണ് താമസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഈ സംഭവത്തിൽ വെടിയേറ്റ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.