റായ്പുർ: തന്റെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. ഛത്തീസ്‌ഗഢ് ബിലാസ്പുർ സ്വദേശിനിയാണ് ഭർത്താവിനെതിരേ പൊലീസിനെ സമീപിച്ചത്. തങ്ങൾക്കിടയിലുണ്ടായ വഴക്കിന് പിന്നാലെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമ്മിച്ച് ഭർത്താവ് തന്റെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഇതുകാണിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ ആരോപിക്കുന്നു.

രണ്ടുമാസം മുമ്പാണ് ദമ്പതിമാർ വിവാഹിതരായത്. പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നില്ല. തുടർന്ന് ഇരുവരും ഒളിച്ചോടി വിവാഹിതരാവുകയായിരുന്നു.എന്നാൽ, ദാമ്പത്യജീവിതം ആരംഭിച്ചതിന് പിന്നാലെ ദമ്പതിമാർക്കിടയിൽ വഴക്ക് പതിവായി.

വിവാഹത്തിന് ശേഷം ഇരുവരും വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെവെച്ച് ദമ്പതിമാർ തമ്മിൽ വഴക്കിടുന്നത് പതിവായിരുന്നു. ഇതോടെ യുവതി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതിനുപിന്നാലെയാണ് ഭർത്താവ് തന്റെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നാണ് യുവതിയുടെ ആരോപണം.

ഒരുമിച്ച് താമസിക്കുന്നതിനിടെ ഭാര്യയുടെ നിരവധി നഗ്‌നചിത്രങ്ങൾ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ചിത്രങ്ങളാണ് പിന്നീട് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്. ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യത്തിലാണ് ഭർത്താവ് ഇതെല്ലാം ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചിത്രം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യുവതി സഹോദരനമൊപ്പമെത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയതിന് പുറമേ, തന്റെ ആഭരണങ്ങൾ ഭർത്താവ് തട്ടിയെടുത്തതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.