ന്യൂഡൽഹി: ഭിന്നശേഷിയുള്ള കുട്ടിക്ക് വിമാനത്തിൽ യാത്രചെയ്യുന്നതിന് അനുമതി നിഷേധിച്ച സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഐ) പിഴ ചുമത്തിയത്.

മോശമായ രീതിയിലാണ് ഇൻഡിഗോ ഗ്രൗണ്ട് സ്റ്റാഫ് ഭിന്നശേഷിയുള്ള കുട്ടിയെ കൈകാര്യം ചെയ്തതെന്നും ഇത് പ്രശ്നം കൂടുതൽ വഷളാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഡിജിസിഎ പ്രസ്താവനയിൽ അറിയിച്ചു. ജീവനക്കാരിൽനിന്ന് അനുകമ്പയോടെയുള്ള പെരുമാറ്റം ഉണ്ടായിരുന്നെങ്കിൽ കുട്ടിയുടെ അസ്വസ്ഥത മാറുമായിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കി.

കഴിഞ്ഞ മെയ്‌ ഏഴിന് റാഞ്ചി വിമാനത്താവളത്തിലായിരുന്നു ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചത്. കുട്ടിയും കുടുംബവും നേരിട്ട ദുരവസ്ഥ വിമാനത്തിലെ മറ്റൊരു യാത്രക്കാരി ഫേസ്‌ബുക്കിലൂടെ പങ്കുവച്ചതോടെയാണ് സംഭവം വലിയ വിവാദമായത്. സാമൂഹിക മാധ്യമങ്ങളിൾ ഉൾപ്പെടെ വിമാനക്കമ്പനിക്കെതിരേ വിമർശനം ഉയർന്നു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിഷയത്തിൽ ഇടപെട്ടിരുന്നു.

ഇതിനുപിന്നാലെയാണ് സംഭവത്തിൽ ഡിജിസിഎ ഇൻഡിഗോ എയർലൈൻസിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയതും വിശദമായ അന്വേഷണം നടത്തിയതും.