റിയാദ്: സൗദി അറേബ്യയിൽ ആശുപത്രിയിൽ നഴ്‌സിനെ ആക്രമിച്ച സൗദി പൗരൻ അറസ്റ്റിൽ. സൗദി അറേബ്യയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശമായ അസീറിലാണ് സംഭവം. ഇയാൾ വനിതാ നഴ്‌സിനെ ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് പ്രതിയെ പിടികൂടണമെന്നും ശിക്ഷ നൽകണമെന്നും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

വ്യാഴാഴ്ചയാണ് ആക്രമണമുണ്ടായത്. സൗദി പൗരൻ വനിതാ നഴ്‌സിനെ തറയിലൂടെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് വീഡിയോയിൽ കാണാം. ചുറ്റും നിന്നവർ ഇത് തടയാനും ശ്രമിക്കുന്നുണ്ട്. അൽ മജരിദ ഗവർണറേറ്റിലെ ആശുപത്രിയിൽ വച്ചാണ് ഇയാൾ നഴ്‌സിനെ ആക്രമിച്ചതെന്ന് അസീർ പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി പ്രോസിക്യൂഷന് കൈമാറിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.

നഴ്‌സിനോട് സൗദി പൗരൻ ഫീഡിങ് നീഡിൽ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ നഴ്‌സ് ഇതിനോട് പെട്ടെന്ന് പ്രതികരിച്ചില്ല. ഇതാണ് യുവാവിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.