പാരീസിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരവേദി ലഹളയുടെ വേദിയായതോടെ പൊലീസ് നടപടിയിൽ അന്വേഷണം വേണമെന്ന് ലിവർപൂൾ അവശ്യപ്പെട്ടു. ക്ലബ്ബിന്റെ ആരാധകരെ പൊലീസ് തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് ലിവർപൂൾ ആരോപിക്കുന്നത്. ഗർഭിണികൾക്കും കുട്ടികൾക്കും നേരെ കുരുമുളക് സ്പ്രേ പ്രയോഗം നടത്തിയ പൊലീസ് കണ്ണീർവാതകവും പ്രയോഗിച്ചതായി പരാതിയിൽ പറയുന്നു.

പ്രദേശിക സമയം രാത്രി 8 മണിക്ക് ഫനൽ മത്സരം തുടങ്ങാനിരിക്കെ നൂറുകണക്കിന് ആരാധകർ, ടിക്കറ്റ് ഇല്ലതെ മത്സരവേദിയയ സ്റ്റേഡ് ഡെ ഫ്രൻസിന്റെ വേലികൾ ഭേദിച്ച് അകത്തു കടക്കാൻ ശ്രമിച്ചു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാര്യങ്ങൾ നിയന്ത്രണാധീതമായതോടെ മത്സരം ആരംഭിക്കുന്നത് അര മണിക്കൂറോളം നീട്ടി വയ്ക്കുകയായിരുന്നു. ഫ്രഞ്ച് പൊലീസ് എത്തി മനുഷ്യമതിൽ തീർത്തായിരുന്നു അതിക്രമിച്ചു കയറാൻ ശ്രമിച്ച ആരാധകരെ തടഞ്ഞതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം തങ്ങളുടെ ആരാധകർക്ക് നേരിടേണ്ടി വന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടായിരുന്നു ലിവർപൂൾ ക്ലബ്ബിന്റെ പ്രതികരണം. പൊലീസിന്റെ അക്രമത്തെ കുറിച്ച് അന്വേഷണം വേണമെന്നും ക്ലബ്ബ് അധികൃതർ ആവശ്യപ്പെട്ടു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നായിരുന്നു നടന്നതെന്നും, ആ വേദിയിൽ ഫുട്ബോൾ ആരാധകർക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകാൻ പാടില്ലായിരുന്നു എന്നും ക്ലബ് അധികൃതർ പറഞ്ഞു.

അതേസമയം ലിവർപൂൾ ആരാധകർ കൂട്ടം കൂടിനിന്ന് കളി കണ്ടിരുന്ന ഇടത്ത് പൊലീസ് എത്തി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ചില ഉദ്യോഗസ്ഥർ കാണികളെ മർദ്ദിക്കുന്നതും വീഡിയോയിൽ ഉണ്ട്. സ്ത്രീകളേയും അവർ ഉപദ്രവിക്കുകയായിരുന്നു. ബാറ്റണും ഷീൽഡുമായിട്ടായിരുന്നു പൊലീസുകാർ ആരാധകർക്ക് അടുത്തെത്തിയത് എന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ഒരു വ്യ്കതി പറയുന്നു.

അതേസമയം 20,000 ത്തോളം വരുന്ന ലിവർപൂൾ ആരാധകർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു എന്ന് ചില ആരാധകർ പറയുന്നു. അവർക്ക് അകത്തേക്ക് കടക്കുവൻ ഇടുങ്ങിയ ഒരു വഴിമാത്രമായിരുന്നു അനുവദിച്ചിരുന്നതെന്നും അവർ പറയുന്നു. ഇതാണ് തിരക്ക് വർദ്ധിപ്പിക്കാൻ ഇടയയതെന്നും അവർ പറഞ്ഞു. ഇതിനിടെ പല ആരാധകരും സ്റ്റേഡിയത്തിന്റെ മതിൽ ചാടി അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 

കിരീടം റയൽ മാഡ്രിഡിന്

പാരീസ്: 2021-2022 ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മഡ്രിഡിന്. ഫൈനലിൽ കരുത്തരായ ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് റയൽ കിരീടത്തിൽ മുത്തമിട്ടത്. മത്സരത്തിന്റെ 59-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറാണ് റയലിനായി വിജയഗോൾ നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും ലിവർപൂളിന് വിജയം നേടാനായില്ല.

റയലിന്റെ 14-ാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. ലിവർപൂൾ ഒരിക്കൽക്കൂടി റയലിന് മുന്നിൽ ഫൈനലിൽ മുട്ടുമടക്കി. 2017-18 ചാമ്പ്യൻസ് ലീഗ് ഫൈനലിലും ലിവർപൂൾ റയലിനുമുന്നിൽ പരാജയപ്പെട്ടിരുന്നു. റയൽ ഗോൾകീപ്പർ ടിബോ കുർട്വയുടെ മിന്നൽ സേവുകളാണ് റയലിന് വിജയം സമ്മാനിച്ചത്. ഗോളെന്നുറച്ച ഒൻപതോളം ഷോട്ടുകളാണ് കുർട്വ രക്ഷപ്പെടുത്തിയെടുത്തത്. ലിവർപൂളിന്റെ പേരുകേട്ട മുന്നേറ്റനിരയെ സമർത്ഥമായി നേരിടാൻ റയൽ പ്രതിരോധത്തിന് സാധിച്ചു. 15 ഗോളുകൾ നേടിക്കൊണ്ട് റയലിന്റെ കരിം ബെൻസേമ ചാമ്പ്യൻസ് ലീഗിലെ ടോപ്സ്‌കോറർക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

നിശ്ചയിച്ച സമയത്തേക്കാൾ 35 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്. സ്റ്റേഡിയത്തിന് പുറത്ത് ആരാധകർ അക്രമാസക്തരായതുമൂലമാണ് മത്സരം 35 മിനിറ്റ് നീട്ടിവെച്ചത്. സ്റ്റേഡിയത്തിലെ പ്രതിരോധവേലികൾ മറികടന്ന ആരാധകർ സുരക്ഷാ ഉദ്യോഗസ്ഥരെ വട്ടംകറക്കി. ഒടുവിൽ പുലർച്ചെ 1.05 ന് മത്സരം ആരംഭിച്ചു.