- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലപാടിൽ ഉറച്ചു നിൽക്കുന്നു; പശു പ്രസ്താവനയിൽ പിന്നോട്ടില്ലെന്ന് നടി നിഖില വിമൽ
ദുബായ്: പശു പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി നടി നിഖിലാ വിമൽ. എന്തെങ്കിലും ഒരു കാര്യം പറയണമെന്ന് ഉദ്ദേശിച്ച് നടത്തിയ അഭിമുഖമല്ല അത്. അങ്ങനെയൊരു ചോദ്യം വന്നപ്പോൾ എല്ലാവരും അവരവരുടെ നിലപാടുകൾ പറയുന്നതുപോലെ ഞാനെന്റെ നിലപാട് പറഞ്ഞു. അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു. എല്ലാവർക്കും നിലപാട് ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു. അതുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുകയും തുറന്നുപറയാൻ ആർജവം കാണിക്കണമെന്നും നടി ദുബായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ പ്രസ്താവനയ്ക്ക് ശേഷം സിനിമാ മേഖലയിലെ ചിലർ അതു വേണ്ടായിരുന്നുവെന്നും ചിലർ നന്നായെന്നും പറഞ്ഞു. തന്റെ പ്രസ്താവനയെ തുടർന്നു സൈബർ ആക്രമണം ഉണ്ടായതായി ഞാനെവിടെയും പറഞ്ഞിട്ടില്ലെന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽത്തന്നെ അതു തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും നിഖില പറഞ്ഞു. നിഖില അഭിനയിച്ച് ഹിറ്റായ ഏറ്റവും പുതിയ മലയാള ചിത്രം ജോ ആൻഡ് ജോയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം.
നിഖിലയുടെ അഭിമുഖം വിവാദമായത് ചിത്രത്തിന്റെ പബ്ലിസിറ്റിക്ക് ഗുണകരമായെന്ന് നിർമ്മാതാവ് ഹാരിസ് ദേശം വ്യക്തമാക്കി. സൂപ്പർ സ്റ്റാറുകളെ ഉൾപ്പെടുത്തി ആദ്യ സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും പക്ഷേ, തന്റെ കഥയ്ക്ക് അനുയോജ്യമായ അഭിനേതാക്കൾ മാത്യു തോമസും നസ്ലിനും നിഖില വിമലുമായിരുന്നു എന്ന് സംവിധായകൻ അരുൺ ഡി.ജോസ് പറഞ്ഞു. നേരത്തെ സൂപ്പർ സ്റ്റാറുകൾക്കായി ഒരു കഥ ആലോചിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജോ ആൻഡ് ജോയ്ക്ക് പിന്നാലെ തന്നെ തേടി ഒട്ടേറെ അവസരങ്ങൾ വരുന്നതായി നടൻ നസ്ലിൻ പറഞ്ഞു. പ്രധാന കഥാപാത്രമായും ചില ചിത്രങ്ങൾ ആലോചനയിലുണ്ട്. നിലവിൽ മാത്യു തോമസ് ജോഡിയായിട്ടുള്ള ചിത്രമാണ് നടന്നുവരുന്നത്. വിജയം പോലെ പരാജയപ്പെട്ട ചിത്രങ്ങളും തന്റേതായിട്ടുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. നടന്മാരായ മാത്യു തോമസ്, മെൽവിൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.