മുംബൈ: താജ്മഹലിനുള്ളിലെ പൂട്ടിക്കിടക്കുന്ന മുറികൾ തുറന്നുപരിശോധിക്കണമെന്ന ബിജെപി നേതാവിന്റെ ആവശ്യത്തിന് പിന്നാലെ ബിജെപി നേതൃത്വത്തെ പരിഹസിച്ച് എഐഎംഐഎംലോക്സഭാ എംപിയുമായ അസദുദ്ദീൻ ഒവൈസി.

അവർ താജ്മഹലിനുള്ളിൽ പ്രധാനമന്ത്രി മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് തിരയുകയാണെന്ന് ഒവൈസി പരിസഹിച്ചു. മഹാരാഷ്ട്രയിലെ ബിവാന്ദിയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താജ്മഹലുമായി ബന്ധപ്പെട്ട് ബിജെപി ഉയർത്തിയ വിവാദങ്ങൾക്ക് പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം. താജ്മഹലിനുള്ളിൽ അടച്ചിട്ട 22 മുറികൾ പരിശോധിച്ച് സത്യം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ ബിജെപി നേതാവ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. താജ്മഹൽ പഴയ ശിവക്ഷേത്രമാണെന്നായിരുന്നു ഹർജിയിലെ അവകാശവാദം. എന്നാൽ, ഹർജി തള്ളിയ കോടതി, ഇത്തരം കാര്യങ്ങൾ ചരിത്രകാരന്മാർക്ക് വിട്ടുനൽകണമെന്നും വ്യക്തമാക്കിയിരുന്നു.

'ഇന്ത്യ എന്റെയോ താക്കറെയുടെയോ മോദിയുടെയോ അമിത് ഷായുടെയോ അല്ല. ഇന്ത്യ ആരുടെയെങ്കിലും സ്വന്തമാണെങ്കിൽ അത് ദ്രാവിഡർക്കും ആദിവാസികൾക്കും മാത്രമാണ്. മുഗൾ വംശജർക്ക് ശേഷം മാത്രമാണ് ബിജെപിയും ആർഎസ്എസും. യഥാർഥത്തിൽ ഇന്ത്യ രൂപപ്പെട്ടത് ആഫ്രിക്ക, ഇറാൻ, മധ്യേഷ്യ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ കുടിയേറിയതിന് ശേഷമാണ്', ഒവൈസി പറഞ്ഞു.

മുഗൾ വംശജർ പുറത്തുനിന്ന് എങ്ങനെയാണ് ഇങ്ങോട്ട് വന്നതെന്ന് മാത്രമാണ് ബിജെപി ചർച്ചചെയ്യുന്നത്. എന്നാൽ ഇന്ത്യയിലേക്ക് ലോകത്തിന്റെ പലകോണുകളിൽനിന്നുള്ള വ്യത്യസ്ത സമുദായത്തിൽപ്പെട്ടവർ എത്തിച്ചേർന്നിട്ടുണ്ടെന്നും ഒവൈസി കൂട്ടിച്ചേർത്തു.