അമൃത്സർ: പഞ്ചാബിലെ ആംആദ്മി സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജവഹർകേയിലെ മാൻസയിൽ വച്ചാണ് സിദ്ദുവിന് വെടിയേറ്റത്. വെടിവെപ്പിൽ സിദ്ദു ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും സിദ്ദുവിന്റെ മരണം സ്ഥിരീകരിച്ചു.

മാനസയിൽ വെച്ച് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. അക്രമികൾ രക്ഷപ്പെട്ടെന്നു പൊലീസ് പറഞ്ഞു. കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുമ്പോളായിരുന്നു ആക്രമണം. 30 റൗണ്ടാണ് അക്രമികൾ വെടിയുതിർത്തത്. സുഹൃത്തുക്കൾക്കും പരിക്കേറ്റു. ആരാണ് ഇവർക്കുനേരെ വെടിയുതിർത്തതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് സിദ്ദു കോൺഗ്രസിൽ ചേർന്നത്. തുടർന്ന് മാൻസയിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാർട്ടിയുടെ ഡോ. വിജയ് സിങ്ലയോട് പരാജയപ്പെട്ടു.

പഞ്ചാബിൽ സിദ്ദു ഉൾപ്പെടെ 424 വിഐപികൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ കഴിഞ്ഞദിവസം സർക്കാർ പിൻവലിച്ചിരുന്നു. താൽക്കാലിക നടപടിയാണെന്നായിരുന്നു വിശദീകരണം. തൊട്ടടുത്ത ദിവസമാണ് സിദ്ദു വെടിവെപ്പിൽ കൊല്ലപ്പെട്ടത്.