കോഴിക്കോട്: ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ മാല മോഷണത്തിന് പിടിയിലാകുന്ന ഫഹദിന്റെ പ്രസാദ് എന്ന കഥാപാത്രം മാല വിഴുങ്ങി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പ്രസാദിനെയും കൊണ്ട് പൊലീസ് വട്ടം ചുറ്റുന്ന കാഴ്ച പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ രീതിയിൽ കോഴിക്കോട്ടും ഒരു സംഭവം. ഇത്തവണ മാലയല്ല പണമാണ് മലദ്വാരത്തിൽ ഒളിപ്പിച്ചതെന്ന് മാത്രം.

അതിഥി തൊഴിലാളികളുടെ പണമാണ് നാലംഗം സംഘം കവർന്നത്. പ്രതികളിൽ ഒരാൾ ഓടിരക്ഷപ്പെട്ടെങ്കിലും തലക്കുളത്തൂർ ചെങ്ങോട്ടുമല കോളനി ചട്ടായി വീട്ടിൽ മുഹമ്മദ് ഫസൽ (30), പന്നിയങ്കര അർഷാദ് മൻസിൽ അക്‌ബർ അലി (25), അരക്കിണർ പി കെ ഹൗസിൽ അബ്ദുൾ റാഷിദ് (25) എന്നിവർ കസബ പൊലീസിന്റെ പിടിയിലായി.

പിടിയിലായ പ്രതികൾ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഫറോക്ക് ഇൻസ്‌പെക്ടർ ബാലചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ പ്രതികളിലൊരാൾ പണം മലദ്വാരത്തിൽ ഒളിപ്പിച്ചതായി വ്യക്തമായി. ഇതോടെ പൊലീസും പ്രയാസത്തിലായി. തുടർന്ന് പണം വീണ്ടെടുക്കുന്നതിനായി പ്രതിയെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ വിദഗ്ധമായ പരിശോധനകൾ നടത്തിയ ശേഷം മാത്രമെ പണം പുറത്തെടുക്കാൻ സാധിക്കുകയുള്ളുവെന്ന് ഡ്യൂട്ടി ഡോക്ടർ അറിയിച്ചു. ഇതോടെ കൂടുതൽ മികച്ച വൈദ്യ സഹായത്തിനായി കസബ പൊലീസ് പ്രതിയെയും കൊണ്ട് മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തി. സർജറി വിഭാഗത്തിലെ വൈദ്യ സംഘത്തിന്റെ സഹായത്തോടെ കവർച്ച നടത്തിയ പണത്തിന്റെ ഒരു ഭാഗം പൊലീസ് വീണ്ടുടുക്കുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. സബ് ഇൻസ്‌പെക്ടർ വി പി ആന്റണി, എ എസ് ഐ ജയന്ത്, സിവിൽ പൊലീസ് ഓഫീർമാരായ സതീശൻ, വിഷ്ണു പ്രഭ, ഹോം ഗാർഡ് ദിനേശ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.