മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂരിൽ പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് ആക്കപ്പറമ്പിലെ കണക്കയിൽ അലവി എന്ന കുഞ്ഞാന്റെ മകൻ ഇൻഷാദ് എന്ന ഷാനു (28 ) ആണ് വെടിയേറ്റ് മരിച്ചത്. ചേങ്ങോട്ടൂരിലെ കാട് പിടിച്ച സ്ഥലത്ത് കാട്ടുപന്നികളുണ്ടെന്ന വിവരം അറിഞ്ഞാണ് ഷാനുവും രണ്ടു സൃഹൃത്തുക്കളുംചേർന്ന് തോക്കുമായി പന്നിവേട്ടക്കിറങ്ങിയതായിരുന്നു.

ഇതിനിടെ ഉന്നംതന്നെ വെടികൊണ്ടാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചട്ടിപ്പറമ്പിനു സമീപമുള്ള ചേങ്ങോട്ടൂരിലെ റോഡോരത്തുതന്നെ കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. ഇവിടെ പലപ്പോഴും പന്നികളുടേയും നായകളുടേയും ഉൾപ്പെടെയുള്ളയുടെ ശല്യങ്ങളുണ്ടാകാറുണ്ട്. ഇതുവഴി കാൽനടയായി സഞ്ചരിക്കാൻ ജനം ഭയപ്പെടുന്ന അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിൽ കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.