ലണ്ടൻ: ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീൻ ബ്രണ്ടിനും നാറ്റ് സ്‌കീവറിനും പ്രണയസാഫല്യം. ഇരുവരും വിവാഹിതരായി. 2017 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗങ്ങളാണ് ഇരുവരും.

മുൻ ഇംഗ്ലണ്ട് പേസർ ഇസ ഗുഹ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇരുവരുടെയും വിവാഹത്തിന്റെ ചിത്രം പങ്കുവെച്ചു. ട്വിറ്ററിലൂടെ ഇരുവരേയും ഇംഗ്ലണ്ട് ക്രിക്കറ്റും ഔദ്യോഗികമായി അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

ദക്ഷിണ ആഫ്രിക്കയുടെ മരിസാൻ കാപ്പ്-ഡെയിൻ വാൻ നീകെർക്ക്, ന്യൂസിലൻഡിന്റെ അമി സാറ്റർത്ത്വെയ്റ്റ്- ലിയ തഹുഹു തുടങ്ങിയ ക്രിക്കറ്റ് കളത്തിലെ സ്വവർഗ ദമ്പതികളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണിപ്പോൾ കാതറീൻ ബ്രണ്ടും നാറ്റ് സ്‌കീവറും.

ഇരുവരും തമ്മിൽ അഞ്ചു വർഷത്തെ പ്രണയമുണ്ട്. 2019 ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. 2020 സെപ്റ്റംബറിൽ വിവഹം നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു. 2017 ലോകകപ്പിൽ ഒമ്പത് മത്സരങ്ങളിൽ നിന്നായി സ്‌കീവർ 369 റൺസ് നേടിയിട്ടുണ്ട്.