കാഠ്മണ്ഡു: വിമാനാപകടത്തിൽ വൈമാനികരും യാത്രക്കാരും അടക്കം മുഴുവൻ പേരും മരിച്ചതായി നേപ്പാൾ ആഭ്യന്തര മന്ത്രാലയം. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണെന്ന് സൈന്യം വ്യക്തമാക്കി. കണ്ടെടുത്ത ഇരുപത്തിയൊന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി. നേപ്പാളിൽ തകർന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ മുസ്താങ് ജില്ലയിലെ കോവാങ്ങിൽ നിന്നാണ് കണ്ടെത്തിയത്.

നാല് ഇന്ത്യക്കാരുൾപ്പടെ നേപ്പാളിൽ തകർന്നു വീണ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി നേപ്പാൾ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അപകടം നടന്ന് ഏതാണ്ട് ഇരുപത് മണിക്കൂറിന് ശേഷമാണ് നേപ്പാൾ സൈന്യം തകർന്ന വിമാനത്തിന് അരികിലെത്തുന്നത്. പതിനാലായിരം അടി ഉയരത്തിലുള്ള മലയ്ക്ക് മുകളിലാണ് വിമാനം തകർന്നു വീണത്. ഇവിടെ മഞ്ഞ് വീഴ്‌ച്ച രൂക്ഷമായതിനെ തുടർന്ന് ഇന്നലെ രക്ഷാദൗത്യം നിർത്തിവെച്ചിരുന്നു. ഇന്ന് രാവിലെ സൈന്യം വീണ്ടും അപകട സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു. യാത്രക്കാരെ കണ്ടെത്താനുള്ള തെരച്ചിലിനായി 15 സൈനികരെ കൂടി അപകട സ്ഥലത്തെത്തിച്ചിട്ടുണ്ട്.

മുംബൈയിക്കാരായ ഒരു കുടുംബത്തിലെ നാല് പേരടക്കം 22 പേരായിരുന്നു പൊക്കാറയിൽ നിന്ന് സാംസണിലേക്ക് പോയ താരാ എയർലൈൻസ് വിമാനത്തിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകട കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കും.

ാല് ഇന്ത്യക്കാരടക്കം 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ ശ്രമിച്ച് വരികയാണെന്ന് കാഠ്മണ്ഠുവിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.

''നിലവിൽ വിമാനം തകർന്ന് വീണ സ്ഥലം നേപ്പാൾ സൈന്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും'', ബ്രിഗേഡിയർ ജനറൽ സിൽവാൽ ട്വീറ്റ് ചെയ്തു. തകർന്ന വിമാനത്തിന്റെ ചിത്രങ്ങൾ നേപ്പാൾ സൈന്യത്തിന്റെ വക്താവ് ബ്രിഗേഡിയർ ജനറൽ നാരായൺ സിൽവാൽ പുറത്തുവിട്ടിരുന്നു. വിമാനം പൂർണമായി കത്തിനശിച്ച ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ടർബോപ്രോപ് ട്വിൻ ഓട്ടർ 9 എൻ- എഇടി വിമാനമാണ് തകർന്ന് വീണത്. നാല് ഇന്ത്യക്കാർ, രണ്ട് ജർമൻ പൗരന്മാർ, 13 നേപ്പാൾ പൗരന്മാർ എന്നിവരും നേപ്പാൾ പൗരന്മാർ തന്നെയായ മൂന്നംഗ ക്രൂവും വിമാനത്തിലുണ്ടായിരുന്നു.

ടൂറിസ്റ്റ് നഗരമായ പൊഖ്രയിൽ നിന്ന് പറന്ന് ഉയർന്ന് നിമിഷങ്ങൾക്കകമാണ് വിമാനം മലഞ്ചെരിവുകളിൽ തകർന്ന് വീണത്. ഇന്നലെ രാവിലെ 10.15-നാണ് വിമാനം പൊഖ്രയിൽ നിന്ന് പറന്നുയർന്നത്. കാഠ്മണ്ഡുവിൽ നിന്ന് 200 കിലോമീറ്റർ കിഴക്കാണ് പൊഖ്ര നഗരം. ആദ്യം വിമാനവുമായുള്ള ബന്ധം പൂർണമായും നഷ്ടമാവുകയായിരുന്നു. പിന്നീട് വിമാനം തകർന്ന് വീണെന്ന് സൈന്യം ഇന്നലെ വൈകിട്ടോടെ സ്ഥിരീകരിച്ചു.

നേപ്പാൾ സൈന്യത്തിന്റെ സുരക്ഷാസേനയിലുൾപ്പെട്ട പട്രോൾ തെരച്ചിൽ സംഘങ്ങളും ഒരു സംഘം നാട്ടുകാരും തീർത്തും പ്രതികൂലമായ കാലാവസ്ഥയ്ക്കിടെ നടന്നാണ് ഇങ്ങോട്ടേയ്ക്ക് സഞ്ചരിക്കുന്നതെന്ന് നേപ്പാളി ദിനപത്രമായ ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കനേഡിയൻ നിർമ്മിത വിമാനം പൊഖ്രയിൽ നിന്ന് ജോംസോമിലേക്കാണ് യാത്ര ചെയ്തിരുന്നത്. മധ്യനേപ്പാളിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് നഗരമാണ് ജോംസോം. 20 മുതൽ 25 മിനിറ്റ് മാത്രം ദൂരമേ ഇരുനഗരങ്ങളും തമ്മിൽ വ്യോമമാർഗമുള്ളൂ.

താരാ എയറിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിന് എന്തെങ്കിലും കേടുപാടുകളുണ്ടായിരുന്നോ എന്ന കാര്യം ഇതുവരെ വ്യക്തമല്ലെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അഥോറിറ്റി അറിയിച്ചു. വിമാനത്തിൽ യാത്ര ചെയ്തിരുന്നവരുടെ പേരുവിവരങ്ങൾ താരാ എയർ പുറത്തുവിട്ടിട്ടുണ്ട്. അശോക് കുമാർ ത്രിപാഠി, ഭാര്യ വൈഭവി ബണ്ഡേക്കർ ത്രിപാഠി, മക്കളായ ധനുഷ്, റിതിക എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. മുംബൈ താനെ സ്വദേശികളാണ് ഇവർ.

ലോകത്തിലെ തന്നെ ഏറ്റവുമുയരം കൂടിയ 14 പർവതങ്ങളിൽ എവറസ്റ്റടക്കം എട്ടെണ്ണവും സ്ഥിതി ചെയ്യുന്ന നേപ്പാളിൽ നടന്ന വ്യോമാപകടങ്ങൾ നിരവധിയാണ്. 2016-ൽ താരാ എയറിന്റെ തന്നെ ഇതേ റൂട്ടിൽ സഞ്ചരിച്ച വിമാനം തകർന്ന് 23 പേർ കൊല്ലപ്പെട്ടിരുന്നു. 2018-ൽ യുഎസ് - ബംഗ്ലാ വിമാനം ത്രിഭുവൻ എയർപോർട്ടിൽ തകർന്ന് വീണ് 51 പേരും കൊല്ലപ്പെട്ടു. 2013-ൽ സിതാ എയർ വിമാനം ത്രിഭുവൻ അന്താരാഷ്ട്ര എയർപോർട്ടിൽ ക്രാഷ് ലാൻഡ് ചെയ്യാൻ ശ്രമിക്കവേ അപകടത്തിൽപ്പെട്ട് മരിച്ചത് 19 പേരാണ്. പൊഖ്രയിൽ നിന്ന് ജോംസോമിലേക്ക്, അതായത് ഇതേ റൂട്ടിൽത്തന്നെ സഞ്ചരിച്ച വിമാനം 2012 മെയിൽ തകർന്ന് വീണ് 15 പേരും കൊല്ലപ്പെട്ടിരുന്നു.