അബുദാബി: യുഎഇയിൽ മൂന്ന് പേർക്ക് കൂടി കുരങ്ങുപനി (മങ്കിപോക്‌സ്) സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗത്തിനെതിരായ പ്രതിരോധ മാർഗങ്ങൾ പിന്തുടരണമെന്നും യാത്ര ചെയ്യമ്പോഴും വലിയ ആൾക്കൂട്ടങ്ങളിലും ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.

കുരങ്ങുപനി വൈറൽ രോഗമാണെങ്കിലും കോവിഡുമായി താരതമ്യം ചെയ്യുമ്പോൾ വ്യാപകമായി പകരാറില്ല. രോഗം ബാധിച്ച മനുഷ്യനുമായോ അല്ലെങ്കിൽ മൃഗവുമായോ ഉള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് രോഗം സാധാരണയായി പകരുന്നത്. ശരീരസ്രവങ്ങൾ വഴിയോ മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള സ്രവങ്ങൾ വഴിയോ അല്ലെങ്കിൽ വൈറസ് സാന്നിദ്ധ്യമുള്ള സാധനങ്ങളിൽ നിന്നോ ആണ് രോഗബാധയുണ്ടാകുന്നത്.

ഗർഭിണികളിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്കും രോഗം പകരാമെന്നും ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതേസമയം രോഗ പരിശോധനയും രോഗികളുടെ സമ്പർക്ക പരിശോധനയും ആരോഗ്യ നിരീക്ഷണവും ഉൾപ്പെടെ എല്ലാ നടപടികളും രാജ്യത്തെ ആരോഗ്യ വിഭാഗം അധികൃതർ സ്വീകരിച്ചുവരുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

മെയ്‌ 24നാണ് യുഎഇയിൽ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വെസ്റ്റ് ആഫ്രിക്കയിൽ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ സന്ദർശകനാണ് രോഗം സ്ഥിരീകരിച്ചത്. പകർച്ചവ്യാധികളിൽ നിന്നുള്ള സുസ്ഥിരമായ പ്രതിരോധവും സംരക്ഷണവും ലക്ഷ്യമിട്ട് രാജ്യത്ത് ആരോഗ്യ വിഭാഗങ്ങളുമായി സഹകരിച്ച് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം ഒരു പകർച്ചവ്യാധി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുകയാണെന്ന് അധികൃതർ അറിയിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചവരെ പൂർണമായും സുഖപ്പെടുന്നതുവരെ ആശുപത്രികളിൽ തന്നെ ചികിത്സിക്കുകയാണ് ചെയ്യുന്നത്. ഇവരുമായി അടുത്ത സമ്പർക്കത്തിലേർപ്പെട്ടവർക്ക് 21 ദിവസത്തിൽ കുറയാത്ത ഭവന നിരീക്ഷണവും നിഷ്‌കർഷിച്ചിട്ടുണ്ട്. ഈ സമയത്ത് ആരോഗ്യസ്ഥിതിയും ഭവന നിരീക്ഷണ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നും നിരീക്ഷിക്കും.

ഔദ്യോഗിക സ്രോതസുകളിൽ നിന്നുമാത്രമേ വിവരങ്ങൾ ശേഖരിക്കാവൂ എന്നും തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും ആരോഗ്യ - പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതർ ഓരോ സമയത്തും പുറത്തിറക്കുന്ന നിർദേശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അഭ്യർത്ഥിച്ചു.