ഗുവാഹത്തി: നാഗോണിലെ ബട്ടദ്രാവ പൊലീസ് സ്റ്റേഷന് ജനക്കൂട്ടം തീവെച്ച സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട യുവാവ് പൊലീസ് വാഹനാപകടത്തിൽ മരിച്ചു. കേസിലെ പ്രതിയായ ആഷിഖുൽ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. പ്രതിയായ ആഷിഖുൽ ഇസ്ലാം പൊലീസ് വാഹനത്തിൽ നിന്ന് ചാടിയപ്പോൾ പിന്നിലുണ്ടായിരുന്ന മറ്റൊരു പൊലീസ് വാഹനം ഇടിക്കുകയായിരുന്നുവെന്ന് നാഗോൺ പൊലീസ് സൂപ്രണ്ട് ലീന ഡോളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ശനിയാഴ്ചയാണ് ഇസ്ലാം പൊലീസിന് മുന്നിൽ കീഴടങ്ങിയത്. പിന്നീട് ഇയാളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നിന്ന് 7.62 എംഎം പിസ്റ്റൾ, .22 പിസ്റ്റൾ, ഏഴ് ലൈവ് കാട്രിഡ്ജുകൾ, മൊബൈൽ ഫോൺ എന്നിവ പൊലീസ് കണ്ടെടുത്തു. പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ട ദിവസം ഇയാൾ ധരിച്ചിരുന്ന ചുവന്ന ടീ ഷർട്ടും കണ്ടെടുത്തു. ഇയാളാണ് പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വാ?ദം. ദ ന്യൂ ഇന്ത്യൻ എക്സ്‌പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

വീട്ടിൽ നിന്ന് റെയ്ഡിന് ശേഷം ഉദ്യോഗസ്ഥർ ഇയാളുമായി സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ വഴിമധ്യേ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും എന്നാൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് അപകടമുണ്ടായെന്നുമാണ് പൊലീസ് വാദം. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രണ്ടാമത്തെ വാഹനത്തിലെ ചില ഉദ്യോഗസ്ഥർക്കും പരിക്കേറ്റു

മെയ് 22 ന്, മത്സ്യ വ്യാപാരി സഫീഖുൽ ഇസ്ലാമിന്റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിനാളുകൾ ബട്ടദ്രാവ പൊലീസ് സ്റ്റേഷൻ കത്തിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ജോർഹട്ടിൽ നടന്ന ആൾക്കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും ഇതേ രീതിയിൽ മരിച്ചിരുന്നു.