- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യസഭയിലേക്ക് പി.ചിദംബരം നാമനിർദേശ പത്രിക നൽകി; സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി; പരസ്യപ്രതികരണവുമായി നേതാക്കൾ
ചെന്നൈ: കോൺഗ്രസിന്റെ തമിഴ്‌നാട്ടിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായി മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് ചെന്നൈയിൽ നിയമസഭാ സെക്രട്ടറി ഡോ. കെ. ശ്രീനിവാസൻ മുൻപാകെയാണ് ചിദംബരം പത്രിക നൽകിയത്.
പിസിസി അധ്യക്ഷൻ കെ.എസ്. അഴഗിരി, കോൺഗ്രസ് വക്താവ് ഗോപണ്ണ, സിനിമാ താരം നഗ്മ തുടങ്ങിയ പേരുകളും സജീവമായി ഉയർന്നിരുന്നുവെങ്കിലും ഡിഎംകെയ്ക്ക് താൽപ്പര്യം ചിദംബരത്തോടായിരുന്നു. സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് നടത്തിയത് കേന്ദ്ര നേതൃത്വമാണെന്നും അതിൽ തനിക്ക് പങ്കില്ലെന്നും പി.ചിദംബരം പറഞ്ഞു.
അതേ സമയം രാജ്യസഭ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ പ്രതിഷേധം പുകയുകയാണ്. സ്ഥാനാർത്ഥിത്വം കിട്ടാതെ പോയ നേതാക്കൾ പരസ്യപ്രതികരണവുമായി നേതൃത്വത്തിനെതിരെ തിരിഞ്ഞു.പൊതു സ്ഥാനാർത്ഥിയെന്ന കോൺഗ്രസ് നിർദ്ദേശം തള്ളി ഝാർഖണ്ഡിൽ ജെഎംഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.
ജയമുറപ്പിച്ച 10 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ കോൺഗ്രസിൽ കലാപം. പുറത്ത് നിന്നുള്ള നേതാക്കൾക്ക് സീറ്റ് നൽകിയതിൽ പല സംസ്ഥാനങ്ങളിലും അമർഷം പുകയുകയാണ്. ഹരിയാനയിൽ നിന്നുള്ള രൺദീപ് സിങ് സുർജേവാല., മഹാരാഷ്ട്രക്കാരനായ മുകുൾ വാസ്‌നിക്ക്, ഉത്തർപ്രദേശിൽ നിന്നുള്ള പ്രമോദ് തിവാരി എന്നിവർക്ക് രാജസ്ഥാനിൽ സീറ്റ് നൽകയതിൽ സംസ്ഥാനത്തെ നേതാക്കൾ കടുത്ത അതൃപ്തിയിലാണ്. സീറ്റ് പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ് വക്താവ് പവൻ ഖേര തന്റെ തപസിൽ എന്തെങ്കിലും പോരായ്മ ഉണ്ടായിരുന്നിരിക്കാം എന്ന പരോക്ഷ വിമർശനം ട്വിറ്ററിൽ കുറിച്ചു.
ഉത്തർപ്രദേശിൽ നിന്നുള്ള യുവനേതാവ് ഇമ്രാൻ പ്രതാപ് ഗഡിക്ക് മഹാരാഷ്ട്രയിൽ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച നടിയും മഹിളാകോൺഗ്രസ് നേതാവുമായ നഗ്മ, 18 കൊല്ലം മുൻപ് സോണിയ ഗാന്ധി സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്ന് ട്വിറ്ററിലെഴുതി. സീറ്റ് നിഷേധിക്കപ്പെട്ട ഗ്രൂപ്പ് 23 നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ തുടങ്ങിയ നേതാക്കൾ പ്രതികരിച്ചിട്ടില്ലെങ്കിലും, രാജ്യസഭ പാർക്കിങ് സ്ഥലമായി മാറിയെന്ന് ഗ്രൂപ്പ് 23ലെ മനീഷ് തിവാരി പരിഹസിച്ചു.പ്രതിഷേധം സ്വാഭാവികം മാത്രമെന്നാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരുടെ പ്രതികരണം
ഇതിനിടെ ജെഎംഎമ്മുമായി സഖ്യത്തിലുള്ള ഝാർഖണ്ഡിലെ സീറ്റിനായി കോൺഗ്രസ് സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലം കണ്ടില്ല. പൊതുസ്ഥാനാർത്ഥി വേണമെന്ന നിർദ്ദേശം സോണിയ ഗാന്ധി തന്നെ മുൻപോട്ട് വച്ചെങ്കിലും പാർട്ടി വനിത വിഭാഗം അധ്യക്ഷ മഹുവ മാജിയെ ജെഎംഎം സ്ഥാനാർത്ഥിയാക്കി. അതേ സമയം ചിന്തൻ ശിബിരത്തോടെ നിശബ്ദമാകുമെന്ന കരുതിയ എതിർ ശബ്ദങ്ങൾ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കോൺഗ്രസിൽ കൂടുതൽ ശക്തമാകുകയാണ്. കോൺഗ്രസ് പട്ടികയിൽ ഗാന്ധി കുടുംബം വിശ്വസ്തരെ തിരുകിയെന്ന ആക്ഷേപവും ശക്തമാണ്. അതൃപ്തരായ ഗ്രൂപ്പ് 23 നേതാക്കളുടെ നീക്കവും നിർണ്ണായകമാകും.




