യു.എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിയെ (82) മദ്യപിച്ചു വാഹനമോടിച്ചു എന്ന കുറ്റം ചുമത്തി കലിഫോണിയ പൊലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്‌ച്ച രാത്രി 11.44നു നാപ്പാ കൗണ്ടിയിൽ ആയിരുന്നു അറസ്റ്റ്.

രക്തത്തിൽ 0.08 അല്ലെങ്കിൽ അതിൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെന്ന കുറ്റവും ചുമത്തിയെന്നു നാപ്പാ കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ രേഖകളിൽ പറയുന്നു. ഞായറാഴ്ച പുലർച്ചെ 04.13നു അറസ്ററ് രേഖപ്പെടുത്തിയ ശേഷം 07.26നു വിട്ടയച്ചത് രണ്ടു കുറ്റത്തിനും കൂടി 5,000 ഡോളർ ജാമ്യത്തിലാണ്.

നാപ്പയിലെ സെന്റ് ഹെലേനയിൽ വിശാലമായ മുന്തിരി തോട്ടത്തിലാണ് പെലോസി കുടുംബം ജീവിക്കുന്നത്. സാൻ ഫ്രാൻസിസ്‌കോയിലും കോടീശ്വര കുടുംബത്തിനു വീടുണ്ട്.

സ്വകാര്യ വിഷയത്തെ കുറിച്ച് നാൻസി പെലോസി സംസാരിക്കില്ലെന്ന് അവരുടെ വക്താവ് ഡ്രൂ ഹാമിൽ പറഞ്ഞു. നാൻസി വാഹനത്തിൽ ഉണ്ടായിരുന്നില്ല. ഞായറാഴ്‌ച്ച അവർ റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ ഒരു ചടങ്ങിൽ പങ്കെടുത്തിയിരുന്നു.

1963 ലാണ് സാൻ ഫ്രാൻസിസ്‌കോ സ്വദേശിയായ പോളും നാൻസിയും വിവാഹിതരായത്.