കാനഡയിൽ കൈത്തോക്കുകളുടെ ഉടമസ്ഥാവകാശം മരവിപ്പിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച പ്രഖ്യാപിച്ചു. അമേരിക്കയിൽ അടുത്തിടെ നടന്ന കൂട്ട വെടിവയ്‌പ്പിനെ ത്തുടർന്നാണ് നടപടി. കൈത്തോക്കുകളുടെ ഇറക്കുമതിയും വിൽപ്പനയും ഫലപ്രദമായി നിരോധിക്കാനും നിയമം കൊണ്ടുവന്നു.

തോക്ക് അക്രമം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നടപടികൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഞങ്ങൾ ശക്തമായും വേഗത്തിലും നടപടി സ്വീകരിച്ചില്ലെങ്കിൽ അത് കൂടുതൽ വഷളാകുകയും നേരിടാൻ കൂടുതൽ ബുദ്ധിമുട്ടാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ബിൽ പാർലമെന്റ് പാസാക്കുമെന്നാണ് കരുതപ്പെടുന്നത്. പാസായാൽ കെത്തോക്കുകൾ കൈവശം വെക്കാനുള്ള അവകാശത്തെ നിരോധിക്കാൻ ഞങ്ങൾ ബിൽ അവതരിപ്പിക്കുകയാണ്. അതായത്, ഇനി മുതൽ തോക്ക് വാങ്ങാനോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ കാനഡയിൽ ഒരിടത്തും കൈത്തോക്കുകൾ ഇറക്കുമതി ചെയ്യാനോ സാധിക്കില്ല. കൈത്തോക്ക് വിപണിയെ ഞങ്ങൾ നിയന്ത്രിക്കാൻ പോവുകയാണ്.''- ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

യുഎസിലെ ഒക്ലഹോമയിലെ തുൾസയ്ക്ക് സമീപം നടന്ന ഔട്ട്ഡോർ ഫെസ്റ്റിവലിൽ ഞായറാഴ്ച വെടിവെപ്പുണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും, ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടാഫ്റ്റിലെ ഓൾഡ് സിറ്റി സ്‌ക്വയറിൽ 1,500 പേർ പങ്കെടുത്ത വാർഷിക സ്മാരക ദിന പരിപാടിയിലാണ് വെടിവയ്‌പ്പ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച ടെക്‌സസിലെ ഉവാൾഡെയിലുള്ള റോബ് എലമെന്ററി സ്‌കൂളിൽ നടന്ന വെടിവെപ്പിൽ 19 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും കൊല്ലപ്പെട്ടിരുന്നു. 600ഓളം വിദ്യാർത്ഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്. കൂട്ടക്കൊല നടത്തിയ ഉവാൾഡെ സ്വദേശി സാൽവഡോർ റാമോസിനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി.