- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
765 രൂപയുടെ ടിക്കറ്റ് കാൻസൽ ചെയ്തപ്പോൾ ലഭിച്ചത് 665 രൂപ; റെയിൽവെ ടാക്സ് ആയി പിടിച്ചത് 65 രൂപയ്ക്ക് പകരം 100; 35 രൂപക്ക് വേണ്ടി അഞ്ച് വർഷം നീണ്ട നിയമപോരാട്ടം; ഒടുവിൽ റീഫണ്ട് ചെയ്ത 35 രൂപയ്ക്കൊപ്പം അഞ്ഞൂറും ചേർത്ത് പി.എം. കെയറിലേക്ക് സംഭാവന
ന്യൂഡൽഹി: ടിക്കറ്റ് റദ്ദാക്കിയപ്പോൾ ടാക്‌സ് കഴിച്ച് തിരിച്ചു ലഭിക്കേണ്ട തുകയിൽ കൃത്രിമം കാണിച്ച ഇന്ത്യൻ റെയിൽവേയുമായി രാജസ്ഥാനിലെ കോട്ട സ്വദേശി നടത്തിയത് അഞ്ച് വർഷം നീണ്ട നിയമ പോരാട്ടം. 35 രൂപ റീഫണ്ട് ചെയ്തു കിട്ടുന്നതിനായാണ് വർഷങ്ങൾ നീണ്ട നിയമപോരാട്ടം നടത്തിയത്. ഒടുവിൽ തിരികെ ലഭിച്ച തുകയ്ക്ക് ഒപ്പം അഞ്ഞൂറു രൂപ കൂടി ചേർത്ത് പി.എം. കെയറിലേക്ക് സംഭാവന നൽകി.
കോട്ട സ്വദേശിയും എൻജിനീയറുമായി സുജീത് സ്വാമിയാണ് 35 രൂപ റീഫണ്ട് ചെയ്തുകിട്ടാനായി റെയിൽവേയുമായി അഞ്ച് വർഷം നീണ്ട പോരാട്ടം നടത്തിയത്. ഇതിനായി അൻപതോളം വിവരവകാശ രേഖകളാണ് ഇദ്ദേഹം സമർപ്പിച്ചതെന്ന് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു.
2017 ഏപ്രിൽ മാസത്തിലാണ് സംഭവം. മുപ്പതുകാരനായ സ്വാമി, കോട്ടയിൽനിന്ന് ന്യൂഡൽഹിയിലേക്ക് ഗോൾഡൻ ടെംപിൾ മെയിൽ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ജൂലൈ രണ്ടായിരുന്നു യാത്രാതീയതി. എന്നാൽ യാത്ര മാറ്റിവെച്ച സ്വാമി ടിക്കറ്റ് റദ്ദാക്കി. പക്ഷേ 765 രൂപയുടെ ടിക്കറ്റ് കാൻസൽ ചെയ്തപ്പോൾ 665 രൂപ മാത്രമായിരുന്നു അദ്ദേഹത്തിന് റീഫണ്ട് ചെയ്ത് ലഭിച്ചത്. 65 രൂപയ്ക്ക് പകരം 100 രൂപയാണ് റെയിൽവേ അദ്ദേഹത്തിൽനിന്ന് ടാക്സ് ആയി പിടിച്ചത്.
വിവരവകാശ നിയമപ്രകാരം സുജീത് സ്വാമി ഇതേക്കുറിച്ച് അന്വേഷണം നടത്തി. 35 രൂപ ഈടാക്കിയത് സർവീസ് ടാക്സ് ഇനത്തിൽ എന്നായിരുന്നു ഇതിന് ലഭിച്ച മറുപടി. എന്നാൽ അദ്ദേഹം ടിക്കറ്റ് റദ്ദാക്കുന്ന സമയത്ത് ജി.എസ്.ടി. നിലവിൽ വന്നിരുന്നില്ല. ജൂലൈ ഒന്നിനായിരുന്നു രാജ്യത്ത് ജി.എസ്.ടി. (ചരക്കു സേവന നികുതി) നിലവിൽ വരുന്നത്. തുടർന്ന് സ്വാമി, 35 രൂപ തിരികെ ലഭിക്കാൻ വേണ്ടി റെയിൽവേയുമായി നിയമ പോരാട്ടം നടത്തുകയായിരുന്നു.
2019 മെയ് ഒന്നിന് 33 രൂപ തന്റെ ബാങ്കിലേക്ക് എത്തിയെന്നും ബാക്കി രണ്ട് രൂപക്ക് വേണ്ടി മൂന്ന് വർഷം വീണ്ടും റെയിൽവേയുമായി വീണ്ടും പോരാട്ടം നടത്തിയെന്നും സുജീത് സ്വാമി പറയുന്നു. തുടർന്ന് ഇത്തരത്തിൽ ജി.എസ്.ടി. ഈടാക്കിയ എല്ലാ റെയിൽവേ ഉപയോക്താക്കൾക്കും പണം തിരികെ നൽകുമെന്ന് ഐ.ആർ.സി.ടി.സിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ തന്നെ അറിയിക്കുകയായിരുന്നുവെന്ന് സുജീത് സ്വാമി പറഞ്ഞതായും പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു.
സ്വാമിയുടെ പോരാട്ടം വിജയം കണ്ടതോടെ, സമാന നടപടി നേരിടേണ്ടി വന്ന 2.98 ലക്ഷം പേർക്ക് റെയിൽവേ 2.43 കോടി രൂപയോളം റീഫണ്ട് നൽകേണ്ടി വരും. 50 ഓളം വിവരാവകാശ നിയമങ്ങൾ, റെയിൽവേ, ഐആർസിടിസി, ധനമന്ത്രാലയം, സേവന നികുതി വകുപ്പ് എന്നിവയ്ക്ക് കത്തുകൾ നൽകി ഈ പോരാട്ടം വളരെ നീണ്ടതായിരുന്നു, എന്നാൽ ഒടുവിൽ ഞാൻ സംതൃപ്തനാണ്, 'സ്വാമി പറഞ്ഞു.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ തന്റെ വിവരാവകാശ ചോദ്യത്തിന് നൽകിയ മറുപടിയിൽ 2.98 ലക്ഷം ഉപഭോക്താക്കൾക്ക് ഓരോ ടിക്കറ്റിനും 35 രൂപ വീതം 2.43 കോടി രൂപ തിരികെ നൽകുമെന്ന് അറിയിച്ചതായി സ്വാമി അവകാശപ്പെട്ടു. റീഫണ്ട് ചെയ്തുകിട്ടിയ 35 രൂപയ്ക്കൊപ്പം അഞ്ഞൂറു രൂപ കൂടി ചേർത്ത് 535 രൂപ പി.എം. കെയറിലേക്ക് സംഭാവന നൽകി എന്നും സുജീത് സ്വാമി കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്