മസ്‌കത്ത്: ഒമാനിലും ചൂട് കനത്തതോടെ നാളെ മുതൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ. ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.30 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യിക്കാൻ പാടില്ലെന്നാണ് നിബന്ധന. ഒമാൻ തൊഴിൽ നിയമത്തിലെ 16-ാം അനുച്ഛേദം പ്രകാരമാണ് ഉച്ചവിശ്രമം അനുവദിക്കുന്നത്.

ജൂൺ ആദ്യം മുതൽ ആരംഭിക്കുന്ന ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം ഓഗസ്റ്റ് അവസാനം വരെ നീണ്ടുനിൽക്കും. നിയന്ത്രണം കർശനമായി പാലിക്കണമെന്നും നിയമലംഘനങ്ങൾ പാടില്ലെന്നും തൊഴിൽ മന്ത്രാലയം രാജ്യത്തെ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും.

തൊഴിൽ സ്ഥലങ്ങളിൽ ഉച്ച വിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താനായി മന്ത്രാലയത്തിലെ പരിശോധനാ വിഭാഗങ്ങൾ ഫീൽഡ് വിസിറ്റുകൾ നടത്തും. രാജ്യത്ത് പലയിടത്തും താപനില 50 ഡിഗ്രി സെൽഷ്യസോളം ഉയരുമെന്നാണ് അറിയിച്ചിരിക്കുന്നത്.