ന്യൂഡൽഹി: രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ കാണാൻ ആനന്ദ് ശർമ അവസരം തേടിയെന്ന വാർത്ത, അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ തള്ളി. അദ്ദേഹം കോൺഗ്രസിൽ തന്നെ തുടരുമെന്നും വ്യക്തമാക്കി.

രാജ്യസഭാ സീറ്റ് നൽകാത്തതിനേ തുടർന്ന് അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ടെന്നും ഈ സാഹചര്യത്തിൽ ബിജെപിയിലേക്ക് പോകുമെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നിശ്ചയിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു.

പക്ഷേ ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്നാണ് ആനന്ദ് ശർമയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ആനന്ദ് ശർമ നിലവിൽ ഡൽഹിയിലെ വസതിയിലുണ്ട്. പക്ഷേ, ഇക്കാര്യത്തിൽ ഔദ്യോഗികമായി മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.