മുംബൈ: പഞ്ചാബിൽ കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ ബോളിവുഡ് താരം സൽമാൻ ഖാന്റെ സുരക്ഷ ശക്തമാക്കി പൊലീസ്. മൂസെവാല കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയും സംഘവുമാണെന്ന് സൂചന ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് നീക്കം.

നേരത്തെ ബിഷ്ണോയി സംഘം സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. താരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അപ്പാർട്ടമെന്റിലും സമീപ പ്രദേശത്തും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സൽമാനെ ജോധ്പൂരിൽ വച്ച് കൊല്ലുമെന്നായിരുന്നു ബിഷ്ണോയി പറഞ്ഞിരുന്നത്.

ബിഷ്ണോയി സമൂഹം വിശുദ്ധമൃഗങ്ങളായി കാണുന്ന കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന സംഭത്തിലായിരുന്നു വധഭീഷണി.കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സൽമാൻ ഖാൻ കുറ്റക്കാരനെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്ന സംഘത്തിലെ ഒരാളായ സുന്നി എന്ന രാഹുൽ കൊലപാതക കേസിൽ 2020ൽ അറസ്റ്റിലായിരുന്നു.

സൽമാനെ കൊലപ്പെടുത്താനാണ് മുംബൈയിൽ എത്തിയതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ നിന്നും കണ്ടെത്തിയതായി ഡിസിപി രാജേഷ് ദുഗ്ഗൽ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചത്. പഞ്ചാബിലെ മാൻസ ജില്ലയിൽ വച്ചാണ് വെടിയേറ്റത്. സിദ്ദു മൂസെവാല ഉൾപ്പെടെയുള്ള 424 പേരുടെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. പരുക്കേറ്റ സിദ്ദു മൂസെവാലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.