ചണ്ഡീഗഢ്: ഉയർന്ന പദവിയിലുള്ള വ്യക്തികളുടെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ അവർ കൊല്ലപ്പെട്ടാൽ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരെയും പ്രതിചേർക്കുന്ന തരത്തിലുള്ള നിയമ നിർമ്മാണം വേണമെന്ന് സുബ്രഹ്‌മണ്യൻ സ്വാമി. പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മൂസേവാലയുടെ കൊലപാതകം സാധ്യമായത് അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ്. 2003-ൽ ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയായിരുന്ന ഹരേൻ പാണ്ഡ്യ കൊല്ലപ്പെട്ടതും അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയായിരുന്നു. ഇത്തരത്തിലുള്ള കൊലപാതകങ്ങളുണ്ടാകുമ്പോൾ അതാത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും പ്രതിചേർത്തു കൊണ്ട് നിയമനിർമ്മാണം നടത്തണം എന്നായിരുന്നു സുബ്രഹ്‌മണ്യൻ സാമി പറഞ്ഞത്.

ഹരേൻ പാണ്ഡ്യ കൊല്ലപ്പെടുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായും. ഹരേൻ പാണ്ഡ്യയുടെ പേര് പ്രത്യേകം പരാമർശിച്ചു കൊണ്ടായിരുന്നു സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാമർശം എന്നത് ഏറെ ശ്രദ്ധേയമാണ്.

പകൽവെളിച്ചത്തിലായിരുന്നു സിദ്ധു മൂസേവാല നടുറോഡിൽവെച്ച് വെടിയേറ്റ് കൊല്ലപ്പെടുന്നത്. സംഭവം നടന്ന സമയത്ത് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ വി.ഐ.പി. സംസ്‌കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ഭഗവന്ത് മൻ സർക്കാർ സിദ്ധു ഉൾപ്പെടെ 424 പേർക്ക് നൽകിവന്നിരുന്ന സുരക്ഷ പിൻവലിച്ചിരുന്നു. ഇതിന് തൊട്ടുപിറ്റേന്നാണ് സിദ്ധുവിനെതിരേ ആക്രമണം നടന്നത്. ജവാഹർ കേ ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സിദ്ധുവിനു നേർക്ക് ആക്രമണമുണ്ടായത്.