- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രസിദ്ധമായ തൃക്കടയൂർ അമൃതകടേശ്വരർ ക്ഷേത്രം സന്ദർശിച്ച് ഇളയരാജ
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രസിദ്ധമായ തൃക്കടയൂർ അമൃതകടേശ്വരർ ക്ഷേത്രം സന്ദർശിച്ച് പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജ. വ്യാഴാഴ്ച എൺപത് വയസ് തികയുന്ന ഇളയരാജ പിറന്നാൾ ആഘോഷ ചടങ്ങുകളുടെ ഭാഗമായാണ് ക്ഷേത്രത്തിലെത്തിയത്.
ധർമപുരം അധീനത്തിന്റെ നിയന്ത്രണത്തിലുള്ള പ്രാചീനമായ തൃക്കടയൂർ ക്ഷേത്രം ആയുർദൈർഘ്യത്തിനായുള്ള പ്രത്യേക പൂജകൾക്ക് പ്രസിദ്ധമാണ്. ക്ഷേത്രഭരണസമിതി പൂർണകുംഭം നൽകി സംഗീതസംവിധായകനെ സ്വീകരിച്ചു. മക്കളായ കാർത്തിക് രാജയും ഭവതാരിണിയും കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ അര നൂറ്റാണ്ടായി തമിഴ് ജനപ്രിയ സംഗീതത്തിന്റെ ചക്രവർത്തിയാണ് ഇളയരാജ. 1976-ൽ ദേവരാജ് മോഹൻ സംവിധാനം ചെയ്ത 'അന്നക്കിളി' എന്ന ചിത്രത്തിലൂടെയാണ് ഇളയരാജ ചലച്ചിത്രരംഗത്ത് എത്തിയത്.
എല്ലാ തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദി, മറാത്തി ഭാഷകളിലുമായി ഇതുവരെ ആയിരത്തിലധികം സിനിമകൾക്ക് അദ്ദേഹം സംഗീതമൊരുക്കി. തേനിക്കടത്ത് പന്നയപുരത്ത് ജനിച്ച രാസയ്യ ഇളയരാജ ആയ ചരിത്രം തെന്നിന്ത്യൻ മുഖ്യധാരാ സിനിമയുടെ കൂടി ചരിത്രമാണ്. തമിഴകത്തിന്റെ നാടൻ ഈണങ്ങളെ കർണാടക സംഗീതവുമായും പാശ്ചാത്യസംഗീതവുമായും വിളക്കിച്ചേർത്ത് ഇളയരാജയുടെ ശൈലി സിനിമാസംഗീതത്തെ അഗാധമാക്കി. ആ മാന്ത്രികവിരലുകളിൽ നിന്നും ഹൃദ്യമധുരമായ ഈണങ്ങളുടെ പിറവി ഇന്നും അനുസ്യൂതം തുടരുന്നു.




