ചണ്ഡീഗഢ്: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് 19-കാരനായ ആരാധകൻ. ഫിനൈൽ കുടിച്ച ഇയാൾ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

മൊഹാലിയിലെ ജന്ദ്പുർ ഗ്രാമത്തിൽ നിന്നുള്ള അവ്താർ സിങ്ങാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സിദ്ധു മൂസെവാലയുടെ കടുത്ത ആരാധകനായിരുന്നു ഇയാൾ. സിദ്ധു മൂസെവാലയുടെ ഗാനങ്ങൾ ഏപ്പോഴും കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന അവ്താർ, മൂസെവാലയുടെ പേര് ആലേഖനം ചെയ്ത ടീ ഷർട്ടാണ് സ്ഥരിമായി ധരിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഞായറാഴ്ച മാൻസയിലാണ് അജ്ഞാതരുടെ വെടിയേറ്റ് മൂസെവാല മരിച്ചത്. അദ്ദേഹത്തിന്റെ ബന്ധു ഗുർപ്രീത് സിങ്ങിനും സുഹൃത്ത് ഗുർവീന്ദർ സിങ്ങിനും പരിക്കേക്കേൽക്കുകയും ചെയ്തിരുന്നു. മൂസെവാലയുൾപ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പൊലീസ് താത്കാലികമായി പിൻവലിച്ചതിന്റെ പിറ്റേന്നാണ് കൊല നടന്നത്.

ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകത്തിന് പിന്നിൽ അധോലോക നേതാവായ ലോറൻസ് ബിഷ്ണോയിയുടെ സംഘമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.