കൊച്ചി: നടി ഷംന കാസിം വിവാഹിതയാവുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കുടുംബത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഷാനിദിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഷംന കുറിച്ചു. സിനിമ, ടിവി മേഖലയിലെ നിരവധി സുഹൃത്തുക്കൾ ഷംനയ്ക്ക് ആശംസകളുമായി പോസ്റ്റിന് കമന്റ് ചെയ്യുന്നുണ്ട്. പേളി മാണി, ലക്ഷ്മി നക്ഷത്ര, റിമി ടോമി, ശിൽപ ബാല. കനിഹ, സ്വാസിക വിജയ്, പാരീസ് ലക്ഷ്മി എന്നിവരൊക്കെ അക്കൂട്ടത്തിലുണ്ട്.

 
 
 
View this post on Instagram

A post shared by Shamna Kkasim ( purnaa ) (@shamnakasim)

സിനിമാ ലോകത്ത് പൂർണ എന്ന പേരിലും അറിയപ്പെടുന്ന നടിയാണ് ഷംന. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ് താരം. 2004-ൽ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് നർത്തകി കൂടിയായ ഷംന സിനിമാരംഗത്തെത്തുന്നത്.

കണ്ണൂർ സ്വദേശിനിയായ ഷംന നൃത്ത വേദികളിലൂടെയും ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയുമാണ് ശ്രദ്ധ നേടുന്നത്. ശ്രീ മഹാലക്ഷ്മി എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 2007ലാണ് തെലുങ്ക് സിനിമയിലെ അരങ്ങേറ്റം. മുനിയാണ്ടി വിളങ്ങിയാൽ മൂൺറാമാണ്ട് എന്ന ചിത്രത്തിലൂടെ തൊട്ടടുത്ത വർഷം തമിഴിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് കന്നഡയിലും ചിത്രങ്ങൾ ചെയ്തു. പൂർണ എന്ന പേരിലാണ് മറുഭാഷകളിൽ ഷംന അറിയപ്പെടുന്നത്. ജോസഫിന്റെ തമിഴ് റീമേക്ക് ആയ വിസിത്തിരൻ ആണ് ഷംനയുടേതായി അവസാനം പ്രദർശനത്തിനെത്തിയ ചിത്രം.