മഡ്രിഡ്: പോപ് ഗായിക ഷാക്കിറയും സ്പാനിഷ് ഫുട്‌ബോൾ താരം ജെറാദ് പീക്കേയും വേർപിരിയുന്നതായി റിപ്പോർട്ട്. പീക്കേയുടെ പരസ്ത്രീ ബന്ധം ഷാക്കിറ കയ്യോടെ പൊക്കിയതോടെയാണ് ഇരുവരും വേർ പിരിയാൻ തീരുമാനിച്ചതെന്ന് കാറ്റലോനിയൻ ദിനപത്രമായ 'എൽ പിരിയോഡിക്കോ' റിപ്പോർട്ട് ചെയ്തത്. മറ്റൊരു സ്ത്രീയുമായി പീക്കേയ്ക്കുള്ള ബന്ധം ഷാക്കിറ 'പിടികൂടിയതിനു' പിന്നാലെയാണ് ഇരുവരും അകൽച്ചയിലായതെന്ന് എൽ പിരിയോഡിക്കോ ജേണലിസ്റ്റ് എമിലിയോ പെരേസ് പറയുന്നു.

ദക്ഷിണാഫ്രിക്കയിൽ 2010ൽ നടന്ന ഫുട്‌ബോൾ ലോകകപ്പിനിടെയാണ് ലാറ്റിൻ അമേരിക്കൻ പോപ് ഗായിക ഷാക്കിറയും പിക്കെയും പ്രണയ ബദ്ധരായത്. 12 വർഷമായി ഒന്നിച്ചു കഴിയുന്ന ഇരുവരും ഇതുവരെ വിവാഹിതരായിട്ടില്ല. മിലാൻ, സാഷ എന്നിവർ മക്കളാണ്. ഷാക്കിറയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന വസതിയിൽനിന്നു ബാർസിലോനയിലെ സ്വവസതിയിലേക്കു പീക്കേ താമസം മാറ്റിയതായും എൽ പിരിയോഡിക്കോയിലെ റിപ്പോർട്ടിലുണ്ട്.

പീക്കേ താമസം മാറ്റിയ കാര്യം അയൽവാസികളാണു ചോർത്തി നൽകിയത്. ആഴ്ചകളായി ഇരുവരും അകന്നു കഴിയുകയാണ് എന്നും റിപ്പോർട്ടിലുണ്ട്. ബാർസിലോനയിലെ പീക്കേയുടെ സ്വവസതിയിൽ ഇപ്പോൾ നിശാപാർട്ടികൾ പതിവാണ് എന്നും റിപ്പോർട്ടിലുണ്ട്.

2018 ലോകകപ്പിനു ശേഷം പിക്കേ ദേശീയ ഫുട്‌ബോളിൽനിന്നു വിരമിച്ചിരുന്നു. സ്‌പെയ്‌നിനായി 102 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2008 മുതൽ സ്പാനിഷ് ഫുട്‌ബോൾ ക്ലബ് ബാർസിലോനയുടെ വിശ്വസ്ത പ്രതിരോധനിര താരമാണു മുപ്പത്തിയഞ്ചുകാരനായ പിക്കേ.