കോവിഡ് നിയന്ത്രണ നിയമങ്ങൾ പരിഹസിച്ചതിന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജൻ 4000 സിംഗപ്പൂർ ഡോളർ പിഴ. കോവിഡ് നിയമങ്ങൾ ലംഘിച്ചുവെന്ന കുറ്റങ്ങൾ ചുമത്തിയാണ് കോട്ര വെങ്കട സായ് റോഹൻകൃഷ്ണ(19)ക്ക് സിംഗപ്പൂർ കോടതി പിഴയിട്ടത്.

കഴിഞ്ഞ വർഷം നടന്ന പുതുവർഷാഘോഷത്തിനിടെ നദീതീരത്ത് നടന്ന പരിപാടിയിൽ സ്‌പൈഡർമാന്റെ വേഷം ധരിച്ചാണ് സായ് എത്തിയത്. സായ് അടക്കം ഒൻപത് പേരാണ് ആഘോഷത്തിന് ഒത്തുചേർന്നത്. ആ സമയത്ത് സിംഗപ്പൂരിൽ കോവിഡ് നിയന്ത്രണം കർശനമായതിനാൽ അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നത് നിരോധിച്ചിരുന്നു. സംഘം മാസ്‌ക് ധരിക്കാതെയാണ് പരിപാടിയിൽ പങ്കെടുത്തത്.

യൂട്യൂബ് ചാനലിനായി പരിപാടി ആഘോഷമാക്കിയ സ്‌പൈഡർമാൻ കൂടുതൽ ആളുകളെ ക്ഷണിക്കുകയും ചെയ്തു. വിഡിയോ അപ്ലോഡ് ചെയ്തതോടെയാണ് സംഗതി പ്രശ്‌നമായത്. നാലു മിനിറ്റ് 22സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ഈ വർഷത്തെ പുതുവർഷാഘോഷം 'നിയമത്തിന്റെ മുഖത്തേറ്റ അടി'യാണെന്ന് സായ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സിംഗപ്പൂർ കോടതി നടപടി സ്വീകരിക്കുകയായിരുന്നു.