തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ജയിച്ചിരിക്കുകയാണ് ഉമാതോമസ്. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഡോക്ടറുടെ പരാജയത്തിന് പിന്നാലെ ഫേസ്‌ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവും ഡോക്ടറുമായ എസ്. എസ് ലാൽ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തു നിന്നും മത്സരിച്ച് തോറ്റ ലാലിനെ സിപിഎമ്മുകാർ കോൺഗ്രസിന്റെ തോറ്റ ആരോഗ്യ മന്ത്രി എന്ന് വിശേഷിപ്പിച്ച പരിഹസിച്ചിരുന്നു. ഈ വാക്കുകൾ കടമെടുത്താണ് ഇപ്പോൾ ഡോ. എസ്.എസ് ലാൽ ഫേസ്‌ബുക്ക് കുറിപ്പുമായി എത്തിയിരിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പ്
എന്റെ കോൺഗ്രസുകാർ കുറച്ച് സമയത്തേയ്ക്ക് എന്നോട് ക്ഷമിക്കണം. ജീവിതത്തിൽ ആദ്യമായി ഞാൻ സിപിഎമ്മിന്റെ ചില വരികൾ കടമെടുക്കുകയാണ്.
'സിപിഎമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി' ??
ഇനി എന്റെ ഡോക്ടറനിയനോട്. അനിയൻ വിഷമിക്കരുത്. അനിയൻ യഥാർത്ഥത്തിൽ രക്ഷപെട്ടിരിക്കുകയാണ്. വലിയ അപകടം പിടിച്ച പാർട്ടിയിലാണ് താങ്കൾ കഴിഞ്ഞ മാസം ഓടിക്കേറിയത്.
ആശ്വസിക്കാൻ ഒരു വകയും കൂടി ഉണ്ട്. സിപിഎം ചെയ്തതുപോലെ കോൺഗ്രസ് പാർട്ടി ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റ് ഉണ്ടാക്കിയില്ല. അതുകൊണ്ടാണ് മൂന്നാം സ്ഥാനം കിട്ടാതെ രക്ഷപെട്ടത് ??
അനിയൻ ഹൃദയചികിത്സ തുടരണം. പാർട്ടി നോക്കാതെ. അഥവാ രാഷ്ടീയ പ്രവർത്തനം വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ ബഹളമൊക്കെ കഴിയുമ്പോൾ കോൺഗ്രസിലേയ്ക്ക് വരണം. ഇവിടെ ഒരുപാട് ഡോക്ടർമാർ ഉണ്ട്. പഴയതുപോലെ അവർ 51 വെട്ടൊന്നും വെട്ടില്ല. എല്ലായിടത്തും മാധ്യമങ്ങളും കാമറയും ഉണ്ട്.
ഡോ: എസ്.എസ്. ലാൽ