വാഷിങ്ടൺ ഡി.സി: 1995 മുതൽ 2015 വരെ കൊരിന്ത്യൻ കോളേജുകളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ സ്റ്റുഡന്റ് ലോൺ ബൈഡൻ സർക്കാർ എഴുതിത്ത്തള്ളി . ഇതു സംബന്ധിച്ച അറിയിപ്പ് ജൂൺ ഒന്നിനു ബുധനാഴ്ചയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത് . 5,60,000 വിദ്യാർത്ഥികളുടെ സ്റ്റുഡന്റ് ലോൺ തുക 5.8 ബില്യൺ ഡോളറാണ് സർക്കാർ ഖജനാവിൽ നിന്നും ഇതേ ആവശ്യത്തിനായി ചെലവഴിച്ചത് .

അമേരിക്കയിൽ 105 ക്യാംപസുകളിലായി 1,10,000 വിദ്യാർത്ഥികളാണ് കൊരിന്ത്യൻ കോളേജുകളിൽ എൻ റോൾ ചെയ്തിരിക്കുന്നത് .

തെറ്റായ പരസ്യം നൽകി വിദ്യാർത്ഥികളെ വഞ്ചിച്ചു എന്ന കേസിൽ 2013 ൽ കാലിഫോർണിയ അറ്റോർണി ജനറലായിരുന്ന ഇന്നത്തെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കൊരിന്ത്യൻ കോളേജുകൾക്കെതിരെ ലോ സ്യൂട്ട് ഫയൽ ചെയ്തിരുന്നു. തുടർന്ന് ഫെഡറൽ സംസ്ഥാന ഏജൻസികൾ അന്വേഷണം നടത്തുന്നതിനിടെ കൊരിന്ത്യൻ കോളേജുകളിൽ ഭൂരിഭാഗവും കൈമാറ്റം ചെയ്യുകയും 2015 ൽ ശേഷിക്കുന്ന കോളേജുകൾ അടയ്ക്കുകയും ചെയ്തിരുന്നു .

ബുധനാഴ്ചയിലെ ഈ തീരുമാനം ഫെഡറൽ ലോൺ ക്യാൻസൽ ചെയ്യുന്നതിന് സ്വീകരിച്ചതിൽ ഏറ്റവും വലുതായിരുന്നു . 2021 മുതൽ ബൈഡൻ ഗവൺമെന്റ് 25 ബില്യൺ ഡോളറാണ് സ്റ്റുഡന്റ് ലോൺ കാൻസൽ ചെയ്യുന്നതിന് ഉപയോഗിച്ചത് . എല്ലാ വിദ്യാർത്ഥികളുടെയും സ്റ്റുഡന്റ് ലോൺ എഴുതിത്ത്തള്ളുമെന്നത് ബൈഡന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു .