രാജ്കോട്ട്: പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ഗോണ്ടലിലെ മോട്ട ഉംവാദ ഗ്രാമത്തിൽ വച്ച് ബുധനാഴ്ചയാണ് സംഭവം. സംഭവ സ്ഥലത്ത് പെൺകുട്ടിയും കാമുകനും ബൈക്കിൽ മൊബൈലിൽ നോക്കി ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് മൂന്ന് പേർ അതുവഴി ബൈക്കിലൂടെ കടന്നുപോയത്. കമിതാക്കളെ കണ്ട അവർ ബൈക്ക് നിർത്തി യുവാവിനെ മർദ്ദിച്ച് 600 രൂപ കവർന്നെടുത്തു. പിന്നീട് യുവാവിനെ കത്തിമുനയിൽ നിർത്തി.

തുടർന്ന് മൂവരും ചേർന്ന് പെൺകുട്ടിയെ കുറച്ച് ദൂരത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗത്തിനിരയായ വിവരം വീട്ടുകാരോട് പറയുകയോ പൊലീസിനെ അറിയിക്കുകയോ ചെയ്താൽ കാമുകനെ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകാൻ തയ്യാറായില്ലെങ്കിലും പൊലീസ് സംഭവം അറിയുകയും അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തി പ്രതികളെ പിടികൂടി. മോട്ട ഉംവാദയിലെ നിവാസികളായ മുകേഷ്‌നാഥ് ലകം, സഞ്ജയ്‌നാഥ് മംഗ്രോളിയ, രാജ്‌കോട്ട് ജില്ലയിലെ കോട്ട സംഗനി നിവാസിയായ അജയ്‌നാഥ് മംഗ്രോലിയ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികൾക്ക് 22-25 ന് ഇടയിൽ പ്രായമുള്ളവരാണെന്നും സ്ഥിരം തൊഴിൽ ഇല്ലാത്തവരാണെന്നും പൊലീസ് പറഞ്ഞു.