ന്യൂഡൽഹി: ജമ്മു കശ്മീരിലെ ആസൂത്രിത ഭീകരാക്രമണങ്ങൾക്ക് അന്ത്യം കുറിക്കാൻ ശക്തമായ നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ജമ്മുകശ്മീരിൽ സുരക്ഷാ വിന്യാസം വർധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത തല യോഗത്തിൽ നിർദ്ദേശം നൽകി. ഭീകരരുടെ കേന്ദ്രങ്ങൾ കണ്ടെത്തണം. ഒരു തീവ്രവാദിയെ പോലും വെറുതെ വിടരുതെന്നും ജമ്മുകശ്മീരിലെ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നത തല യോഗത്തിൽ അമിത് ഷാ നിർദേശിച്ചു.

സാധാരണക്കാർക്ക് നേരെ ഭീകരാക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സാഹചര്യം വിലയിരുത്താൻ യോഗം ചേർന്നത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ, ജമ്മുകശ്മീർ ലഫ് ഗവർണ്ണർ മനോജ് സിൻഹ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ നോർത്ത് ബ്ലോക്കിലായിരുന്നു യോഗം. നിലവിൽ ജമ്മു കശ്മീരിലെ ഹിന്ദുക്കൾക്കും, വിവിധ ഭാഷാ തൊഴിലാളികൾക്കുമാണ് ഭീകരരുടെ ഭീഷണി നിലനിൽക്കുന്നത്. ജമ്മു കശ്മീരിൽ നിന്നും ഭീകരരെ ഉന്മൂലനം ചെയ്യാൻ സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയാകും.

ജമ്മുകാശ്മീരിൽ ആശങ്ക പടർത്തിയാണ് സാധാരക്കാർക്ക് നേരെ ഭീകരാക്രമണം തുടരുന്നത്. കുൽഗാമിൽ ഇന്നലെ ബാങ്ക് മാനേജരെ വെടിവച്ചുകൊന്നതിന്റെ ഉത്തരവാദിത്തം ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ഷോപിയാനിൽ സൈന്യം സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ച് മൂന്ന് സൈനികർക്ക് ഗുരുതര പരിക്കേറ്റു.

കുൽഗാം ജില്ലയിൽ മോഹൻപുരയിലെ ബാങ്ക് മാനേജരും രാജസ്ഥാൻ സ്വദേശിയുമായ വിജയകുമാറിന് നേരെ ബാങ്കിലെത്തിയാണ് ഭീകരൻ വെടിയുതിർത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരർക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് ജമ്മു കാശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സെന്ന ഭീകര സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകേട്ട് കശ്മീരിലെത്തുന്നവർക്കുള്ള മുന്നറിയിപ്പാണ് കൊലപാതകമെന്നും , കശ്മീരിനെ മാറ്റാൻ ശ്രമിക്കുന്നവർക്കെല്ലാം ഈ ഗതി വരുമെന്നും ജെഎഫ്എഫ് പ്രസ്താവനയിൽ പറഞ്ഞു.

ഒരാഴ്ചക്കിടെ മൂന്ന് പേരാണ് ജമ്മു കാശ്മീരിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കശ്മീരി പണ്ഡിറ്റുകളെയും സംസ്ഥാനത്ത് ജോലിതേടിയെത്തുന്ന സാധാരണക്കാരെയും തിരഞ്ഞുപിടിച്ച് കൊല്ലുകയാണെന്നും, സുരക്ഷിതരല്ലെങ്കിൽ താഴ്‌വര വിടേണ്ടി വരുമെന്നും പ്രദേശവാസികൾ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ നേതൃത്ത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമാണ്.

ഷോപ്പിയാനിൽ സൈന്യം സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ചത് അട്ടിമറിയാണോയെന്ന് സംശയിക്കുന്നതായി കശ്മീർ പൊലീസ് അറിയിച്ചു. അതിനിടെ കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അമിത്ഷാ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.