- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് ശക്തമായ പ്രതിപക്ഷം വേണം; ഒരു പ്രതിപക്ഷ പാർട്ടിയോടും വിദ്വേഷമില്ല; വിമർശിക്കുന്നത് കുടുംബാധിപത്യത്തെയെന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യത്ത് ശക്തമായ പ്രതിപക്ഷം വേണമെന്നും ഒരു പ്രതിപക്ഷ പാർട്ടിയോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബാധിപത്യത്തെയാണ് താൻ വിമർശിക്കുന്നത്. സ്വജനപക്ഷപാതം കാട്ടുന്ന പാർട്ടികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും മോദി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ എട്ട് വർഷമായി രാജ്യം പിന്തുടരുന്നത് മൂന്ന് മന്ത്രങ്ങളാണ്. നവീകരണം, നിർവ്വഹണം, പരിവർത്തനം എന്നിവയാണ് ഈ മൂന്ന് മന്ത്രങ്ങൾ. കഴിഞ്ഞ എട്ട് വർഷക്കാലവും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്രസർക്കാർ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജി 20 രാജ്യങ്ങളിൽ അതിവേഗം വളരുന്ന രാജ്യമാണ് നമ്മുടേത്. നവീകരണം, നിർവ്വഹണം, പരിവർത്തനം എന്നീ മന്ത്രങ്ങളാണ് കഴിഞ്ഞ എട്ട് വർഷക്കാലമായി കേന്ദ്രസർക്കാർ പിന്തുടരുന്നത്. ഭാവിയെ കൂടി പരിഗണിക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ വികസന വീക്ഷണം. സാങ്കേതിക വിപ്ലവത്തെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിഞ്ഞ എട്ട് വർഷക്കാലവും കേന്ദ്രസർക്കാർ പ്രയത്നിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഉത്തർപ്രദേശിലെ നിക്ഷേപങ്ങൾ കൂടുതൽ ഗുണം ചെയ്യുക ഭാവി തലമുറയ്ക്കാണ്. 80,000 കോടിയുടെ നിക്ഷേപം ആയിരക്കണക്കിന് തൊഴിൽ സാദ്ധ്യതകളാണ് സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകുക. 37 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു സർക്കാർ തുടർഭരണത്തിലേറിയിരിക്കുന്നു. ഇത് യോഗി സർക്കാരിന്റെ പ്രവർത്തന മികവും ജനങ്ങൾക്കിടയിൽ യോഗി സർക്കാരിനുള്ള പ്രിയവുമാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
ആഗോള സാഹചര്യം നിരവധി അവസരങ്ങളാണ് രാജ്യത്തിനായി തുറന്നുതരുന്നത്. ഇത് പ്രയോജനപ്പെടുത്തുന്നതിനാൽ എല്ലാ രാജ്യങ്ങളും ആശ്രയിക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ കഴിവും പ്രവർത്തനങ്ങളും ആഗോളതലത്തിൽ അഭിനന്ദിക്കപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.




