ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപുരിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലും കല്ലേറിലും ആറ് പേർക്ക് പരിക്ക്. ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവിന്റെ വിവാദ പരാമർശത്തിന് പിന്നാലെ കടകൾ അടച്ചിടാൻ ചില സംഘടനകൾ ആഹ്വാനം ചെയ്തതിനേ തുടർന്നാണ് സംഘർഷമുണ്ടായത്.

കടകൾ അടക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തെരുവിൽ ഏറ്റമുട്ടുകയും കല്ലെറിയുകയുമായിരുന്നു. പൊലീസിന് നേരെയും കല്ലേറുണ്ടായി.

സംഘർഷത്തിൽ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അടക്കം ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഒപ്പം പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. സംഭവത്തിൽ 18 പേരെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു.