മലപ്പുറം: കരിപ്പൂരിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊള്ളയടിച്ച കേസിൽ ഇതുവരെ ചോദ്യം ചെയ്തത് അമ്പതോളം സാക്ഷികളെ. മുപ്പതിനായിരം രൂപ വില വരുന്ന 6 എസ് മോഡൽ ഐഫോണുകളും മൂന്നു ബാഗുകളും കൊള്ളയടിച്ചശേഷം മർദിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബർ അഞ്ചിന് പുലർച്ചെ രണ്ടു മണിക്കാണ് സംഭവം നടന്നത്.

ദുബൈയിൽ നിന്നും എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ കരിപ്പൂർ വിമാനത്തിലെത്തിയ പ്രവാസിയെയാണ് തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചത്. കരിപ്പൂർ വഴിയെത്തിയ പ്രവാസിയെ നാലംഗ സംഘം തടഞ്ഞുവയ്ക്കുകയും കാറിൽ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവമേൽപ്പിച്ച ശേഷം മൂന്നു ബാഗുകൾ, മുപ്പതിനായിരം രൂപ വില വരുന്ന 6 എസ് മോഡൽ ഐഫോൺ എന്നിവ കൊള്ളയടിക്കുകയുമായിരുന്നുവെന്നാണ് കേസ്.

തുടർന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളിലൊരാളായ പുല്പറ്റ ഒളമതിൽ പൂക്കോടൻ പള്ളിയാളിയിൽ മൂസഹാജി (65)യുടെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ ദിവസം മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയിരുന്നു.

ചോദ്യം ചെയ്തവരിൽ പത്തു സാക്ഷികളുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തി. എയർപോർട്ടിലെ സി സി ടി വി ഫൂട്ടേജ്, പാസഞ്ചേഴ്‌സ് മാനിഫെസ്റ്റോ, സിഡിആർ വിവരങ്ങൾ എന്നിവയും ശേഖരിച്ചു. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കെഎൽ59ക്യു3902 നമ്പർ സ്വിഫ്റ്റ് കാർ, കെഎൽ03എബി0111 നമ്പർ എറ്റിയോസ് കാർ എന്നിവ പൊലീസ് ബന്തവസ്സിലെടുത്തു. ഇതിനിടെ നഷ്ടപ്പെട്ട ബാഗുകൾ വിമാനത്താവളത്തിന്റെ പാർക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ എയർപോർട്ട് മാനേജർക്ക് ലഭിച്ചിരുന്നു.