പട്‌ന: ബിഹാറിൽ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരണമെന്ന ആവശ്യവുമായി ബിജെപി മന്ത്രി നീരജ് കുമാർ സിങ്. ബിഹാറിൽ ജനസംഖ്യാ വർധന അമിതമായതിനാൽ വികസന പ്രവർത്തനങ്ങൾ അപര്യാപ്തമാകുന്നുവെന്ന് നീരജ് കുമാർ പറയുന്നു. ജനസംഖ്യാ നിയന്ത്രണ നിയമത്തിനായി ബിജെപി നേതാക്കൾ മുൻപ് ആവശ്യമുന്നയിച്ചപ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാർ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.

അതേ സമയം ബിജെപിക്കു താൽപര്യമില്ലാതിരുന്ന ജാതി സെൻസസ് നടപ്പാക്കാൻ ബിഹാർ മന്ത്രിസഭ തീരുമാനിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിതീഷ് കുമാറിനു വിയോജിപ്പുള്ള ജനസംഖ്യാ നിയന്ത്രണ നിയമ വിഷയം ബിജെപി ഉന്നയിച്ചത്. നിതീഷ് കുമാറിന്റെ കടുംപിടിത്തം കാരണമാണു ജാതി സെൻസസ് വിഷയത്തിൽ ബിജെപിക്കു വഴങ്ങേണ്ടി വന്നത്.

ജനസംഖ്യാ നിയന്ത്രണത്തിനു നിയമമല്ല ബോധവൽകരണമാണു വേണ്ടതെന്നാണ് നിതീഷിന്റെ പക്ഷം. പെൺകുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകിയാൽ ജനസംഖ്യ കുറയുമെന്നും നിതീഷ് വാദിക്കാറുണ്ട്.