മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ ശിവസേനയും ബിജെപിയും തമ്മിൽ പോര് മുറുകുന്നു. മഹാരാഷ്ട്രയിൽ അധികാരത്തിലുള്ളത് തങ്ങളാണെന്നും അതു മറക്കരുതെന്നും ബിജെപിക്ക് താക്കീത് നൽകി ശിവസേന എംപി സഞ്ജയ് റൗത്ത് രംഗത്തെത്തി.

വോട്ടിനായി കോടികളുടെ കുതിരക്കച്ചവടമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭരണകക്ഷിയായ മഹാ വികാസ് അഘാഡി (എംവിഎ) റാവത്ത് ഉൾപ്പെടെ നാല് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ ഒരുങ്ങിപ്പോൾ ബിജെപി മൂന്ന് പേരെ മത്സരിപ്പിക്കാൻ തയ്യാറായതാണ് മഹാരാഷ്ട്രയിലെ പ്രശ്‌നങ്ങൾക്ക് കാരണം.

മഹാ വികാസ് അഘാഡിയിലെ ശിവസേന, കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവർക്ക് ഓരോ വ്യക്തിഗത സീറ്റുകളുണ്ട്. ബിജെപിക്ക് രണ്ട് സീറ്റുകൾ നേടാൻ നിലവിൽ സാധിക്കും. എന്നാൽ എംവിഎ മുന്നണി നാലാമനെ പരിഗണിച്ചതോടെയാണ് ബിജെപി മൂന്നാമതൊരാൾക്കായി രംഗത്ത് വരുന്നത്. എന്നാൽ ഈ സീറ്റിൽ ജയിക്കാൻ ബിജെപിക്ക് എംവിഎ വോട്ടുകൾ വേണ്ടിവരും. ഇതോടെയാണ് തർക്കം മൂർച്ഛിച്ചത്.

അതേസമയം ' രാജ്യസഭ തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിവയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതോടെ കുതിരക്കച്ചവടം നടക്കില്ല. ബിജെപിയുടെ ഉദ്ദേശ്യം വ്യക്തമാണ്, പണവും കേന്ദ്ര അന്വേഷണ ഏജൻസികളും ഉപയോഗിക്കാൻ അവർ ആഗ്രഹിക്കുന്നു ' എന്ന് റാവത്ത് അറിയിച്ചു. ഞങ്ങളാണ് ഇവിടെ അധികാരത്തിലുള്ളതെന്ന് മറക്കരുതെന്നും റാവുത്ത് പറഞ്ഞു. എതിരാളികളെ നേരിടാൻ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി ഉപയോഗിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വിളിക്കാനും റൗത്ത് ആവശ്യപ്പെട്ടു.

പ്രശ്നം ഒത്തുതീർപ്പാക്കാൻ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയിൽ ഇരുകൂട്ടരും യോഗം ചേർന്നിരുന്നു. എൻസിപിയുടെ ഛഗൻ ഭുജ്ബലാണ് എംവിഎ പ്രതിനിധി സംഘത്തെ നയിച്ചത്. മൂന്നാമത്തെ സ്ഥാനാർത്ഥിയെ പിൻവലിച്ചാൽ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന് എംവിഎ നിർദേശവും മുന്നോട്ടുവെച്ചു. എന്നാൽ എംവിഎയോട് സഞ്ജയ് പവാറിന്റെ പേര് പിൻവലിക്കാനും, കൗൺസിൽ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെ കുറച്ചുകൊണ്ടുവരാമെന്നും ബിജെപി പറഞ്ഞതോടെ യോഗം തീരുമാനമില്ലാതെ പിരിഞ്ഞു.

'രണ്ട് പതിറ്റാണ്ടിന് ശേഷം രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് തോന്നുന്നു. ശിവസേനയുടെ സഞ്ജയ് പവാറും ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥിയും തമ്മിലായിരിക്കും പോരാട്ടം.' എന്ന് ഭുജ്ബലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് സഞ്ജയ് റൗത്തിന്റെ മുന്നറിയിപ്പ്. അതേസമയം 10 കൗൺസിൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 20ന് നടക്കും.