ലഖ്നൗ: ഉത്തർപ്രദേശിലെ കാൻപൂരിലുണ്ടായ സംഘർഷത്തിൽ യോഗി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്‌പി അധ്യക്ഷ മായാവതി. ജാതിക്കും മതത്തിനും അതീതമായി രാഷ്ട്രീയത്തെ ഉയർത്തുന്നതിനെതിരെ ബിജെപി നടപടിയെടുക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ യുപിയിൽ സന്ദർശനം നടത്തുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്, ഇത് പൊലീസിന്റെ അനാസ്ഥയാണെന്നും മായാവതി ട്വീറ്റ് ചെയ്തു.

'പ്രധാനന്ത്രിയും രാഷ്ട്രപതിയും സന്ദർശനം നടത്തുന്നതിനിടയിലാണ് കലാപം ഉണ്ടായതെന്നത് വളരെ ദുഃഖകരമാണ്. പൊലീസിന്റെ അനാസ്ഥയുടെ സൂചനയാണ് സംഘർഷം. ഇത് ആശങ്കാജനകമാണ്' മായാവതി ട്വീറ്റ് ചെയ്തു. നിയമത്തിന്റെയും നിയമപാലനത്തിന്റെയും അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

വിവാദ പരാമർശം നടത്തിയതിനെതിരെ നിയമ നടപടിയെടുക്കണമെന്നും ഇത്തരം പ്രസംഗങ്ങൾ നിയമ വിധേയമാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.കാൻപൂരിൽ നരേന്ദ്ര മോദി, രാംനാഥ് കോവിന്ദ്, ഉത്തർപ്രദേശ് ഗവർണർ ആന്ദിബെൻ പട്ടേൽ യോഗി ആദിത്യനാഥ് എന്നിവർ പങ്കെടുത്ത പൊതുപരിപാടിക്ക് ശേഷമാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

ബോംബുകളും തോക്കുകളും ഉപയോഗിച്ച് അക്രമികൾ പ്രദേശത്തെ കടകൾ ഒഴിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.അതേസമയം, സംഘർഷത്തിൽ 36 പേർ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മുസ്ലിം പ്രവാചകനെ ബിജെപി വക്താവ് നുപൂർ ശർമ അപമാനിച്ചത് ചൊല്ലിയാണ് സംഘർഷം ഉടലെടുത്തത്.

സംഭവത്തിൽ മൂന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷത്തിന്റെ ദൃശ്യങ്ങളിലുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് കമ്മീഷ്ണർ വിജയ് സിങ് മീണ പറഞ്ഞു.