- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തൃക്കാക്കരയിൽ ആളു കൂടിയപ്പോൾ പണി നടന്നില്ല; സ്ഥാനാർത്ഥി നിർണയത്തിലെ ആശയക്കുഴപ്പം അടക്കം തോൽവിക്ക് കാരണമായി'; വിമർശനവുമായി ഇടതു സഹയാത്രികൻ അഡ്വ. സെബാസ്റ്റ്യൻ പോൾ
കൊച്ചി: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിമർശനവുമായി ഇടതു സഹയാത്രികൻ അഡ്വ. സെബാസ്റ്റ്യൻ പോൾ. തൃക്കാക്കരയിൽ ആളു കൂടിയപ്പോൾ പണി നടന്നില്ലെന്ന് സെബാസ്റ്റ്യൻ പോൾ പ്രതികരിച്ചു. വോട്ടർമാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രവർത്തകരെ മാറ്റി നിർത്തിയതും തിരിച്ചടിയായി. സ്ഥാനാർത്ഥി നിർണയത്തിലെ ആശയക്കുഴപ്പങ്ങൾ അടക്കം ഇടതുമുന്നണിയിൽ ഉണ്ടാവാൻ പാടില്ലാത്ത സംഭവങ്ങൾ ആയിരുന്നുവെന്നും സെബാസ്റ്റ്യൻ പോൾ ഒരു ദൃശ്യമാധ്യമത്തോട് പ്രതികരിച്ചു.
തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ സിപിഎം നേതൃത്വം പരിശോധിക്കാൻ ഇരിക്കെയാണ് ഇടതു സഹയാത്രികൻ അഡ്വ. സെബാസ്റ്റ്യൻ പോൾ വീഴ്ചകൾ പരസ്യമായി ചൂണ്ടിക്കാണിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിലെ ആശയക്കുഴപ്പം മുതൽ പ്രചാരണത്തിലെ പാളിച്ചകൾ വരെ തോൽവിക്ക് കാരണമായിട്ടുണ്ട്.
പ്രചാരണ പരിപാടികളിലെ ആസൂത്രണം ഇല്ലായ്മയും തിരിച്ചടിയായി. മണ്ഡലത്തിലെ വോട്ടർമാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രവർത്തകരെ മാറ്റിനിർത്തിയുള്ള പ്രചാരണപരിപാടികൾ തിരിച്ചടിയായി. മന്ത്രിമാരും എംഎൽഎമാരും പ്രചാരണപരിപാടികൾ ഏറ്റെടുത്തതോടെ സാധാരണ പ്രവർത്തകർ അസ്വസ്ഥരായെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
വീഴ്ചകൾ ഉണ്ടെന്ന് നേരത്തെ ബോധ്യമുണ്ടായിരുന്നുവെങ്കിലും ഉമാ തോമസിന്റെ വൻ ഭൂരിപക്ഷം അമ്പരപ്പിച്ചു. ഇന്ന് കാട്ടിയതിന്റെ ഒരംശം പ്രവർത്തനം 2016 ൽ താൻ സ്ഥാനാർത്ഥി ആയപ്പോൾ നടത്തിയിരുന്നുവെങ്കിൽ അന്ന് ജയിക്കുമായിരുന്നുവെന്നും സെബാസ്റ്റ്യൻ പോൾ നേരത്തേ പറഞ്ഞിരുന്നു. കെ വി തോമസിനെ പോലുള്ളവരുമായി സഹകരിക്കുന്നതിനെതിരെയും സെബാസ്റ്റ്യൻ പോൾ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.
അതേസമയം, തൃക്കാക്കരയിലെ തോൽവിക്ക് പിന്നിലെ കാരണങ്ങൾ പരിശോധിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം തുടരുകയാണ്. ഇടതു വിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെട്ടതാണ് പരാജയ കാരണമെന്നാണ് പ്രാഥമിക നിഗമനം. വൻ സന്നാഹത്തോടെ നടത്തിയ പ്രചാരണ പരിപാടികൾ വോട്ടർമാരെ സ്വാധീനിക്കാതത്തിന്റെ അമ്പരപ്പിലാണ് എൽഡിഎഫ്.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അണിനിരത്തി പ്രചാരണപരിപാടികൾ ഏകോപിപ്പിക്കുമ്പോൾ 50,000 വോട്ടെങ്കിലും എൽഡിഎഫ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, മണ്ഡലത്തിന് 2016 ൽ നേടിയ 49,455 ലേക്ക് പോലും എത്താൻ ജോ ജോസഫിന് കഴിഞ്ഞില്ല. പാർട്ടി വോട്ടുകൾക്ക് പുറത്തേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി സ്വന്തംനിലയിൽ വോട്ട് നേടാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ




