ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുതിർന്ന നേതാവ് സുനിൽ ജാഖറിന് പിന്നാലെ നാല് മുന്മന്ത്രിമാരടക്കം അഞ്ച് നേതാക്കൾ ബിജെപിയിലേക്ക്. പാഞ്ച്കുലയിൽ അമിത്ഷായുടെ സാന്നിധ്യത്തിൽ ഇന്ന് രാത്രി ഈ നേതാക്കൾ ബിജെപിയിൽ അംഗത്വം സ്വീകരിക്കും.

സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയുടെ ദളിത് മുഖമായ രാജ് കുമാർ വെർക, പിസിസി വർക്കിങ് പ്രസിഡന്റായ സുന്ദർശ്യാം അറോറ, ജാട്ട് - സിഖ് നേതാക്കളായ ബൽബീർ സിങ് സിദ്ദു, ഗുർപ്രീത് സിങ് കംഗർ, മുൻ എംഎൽഎഎ ബർണ്ണാല സിങ് എന്നിവരാണ് പാർട്ടി വിടുന്നത്.

അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ പിസിസി അധ്യക്ഷൻ സുനിൽ ജാഖറുമായി അടുത്ത ബന്ധമുള്ള നേതാക്കളാണ് ഇപ്പോൾ ബിജെപിയിലേക്ക് പോകുന്ന അഞ്ച് പേരും. കോൺഗ്രസ് ഹൈക്കമാൻഡിന് എതിരെ രൂക്ഷ വിമർശനം നടത്തിയ ശേഷം, കോൺഗ്രസിന് ഭാവിയില്ലെന്ന പ്രതികരണവുമായാണ് നേതാക്കൾ പാർട്ടിയുടെ പടിയിറങ്ങുന്നത്.

കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്ന മുൻ പി.സി.സി അധ്യക്ഷൻ സുനിൽ ജാഖറുമായും ബിജെപി നേതാവ് മഞ്ജീന്ദർ സിങ് സിർസയുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇവർ പാർട്ടി വിടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

കഴിഞ്ഞ മാസമാണ് മുൻ പി.സി.സി അധ്യക്ഷനായിരുന്ന സുനിൽ ജാഖർ ബിജെപിയിൽ ചേർന്നത്. കോൺഗ്രസിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ട് രാജസ്ഥാനിൽ ചിന്തൻ ശിബരം നടന്ന് കൊണ്ടിരിക്കെയായിരുന്നു സുനിൽ ജാഖർ പാർട്ടി വിട്ടത്. കോൺഗ്രസ് നേതാക്കൾ ഡൽഹിയിലിരുന്നുകൊണ്ട് പഞ്ചാബിലെ പാർട്ടിയെ നശിപ്പിക്കുകയാണെന്നും ഈ അവസ്ഥയിൽ മുന്നോട്ട് പോവാനാവില്ലെന്നും സുനിൽ ജാഖർ പറഞ്ഞിരുന്നു.

ജനങ്ങളുമായി അടുത്ത ബന്ധമുള്ളവരും താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവർത്തിച്ചുവരികയും ചെയ്തിരുന്ന നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നേക്കാമെന്ന് സൂചനകളും നിലനിൽക്കുന്നുണ്ട്.