- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാദത്തിൽ പെട്ട മന്ത്രിമാരെ ഒഴിവാക്കും; ഒഡീഷയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ
ഭുവനേശ്വർ: വിവാദങ്ങളിൽപ്പെട്ട മന്ത്രിമാരെ ഒഴിവാക്കി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ മുഖ്യമന്ത്രി നവീൻ പട് നായിക്കിന്റെ നീക്കം. ഒഡീഷ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജി വച്ചു നാളെ പുതിയ മന്ത്രിസഭ അധികാരമേൽക്കും. നവീൻ പട് നായിക്കിന്റെ നിർദ്ദേശ പ്രകാരമാണ് എല്ലാ മന്ത്രിമാരും രാജിവച്ചത്. വിവാദങ്ങളിൽ പെട്ടവർക്ക് പുതിയ മന്ത്രിസഭയിൽ സ്ഥാനമുണ്ടാകില്ല എന്നാണ് നവീൻ പട്‌നായിക്കിന്റെ നിലപാട്.
യുവാക്കളും, അനുഭവസമ്പത്തുള്ളവരും പുതിയ മന്ത്രിസഭയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി നവീൻ പട് നായിക്ക് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിലെ ബിജു ജനതാദൾ നേടിയ മികച്ച വിജയവും മന്ത്രിസഭ പുനഃസംഘടനക്ക് ഊർജ്ജമായിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 11.45ന് രാജ്ഭവനിലെ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റായ ലോക് സേവാഭവനിലേക്ക് മന്ത്രിമാരെ വിളിച്ചുവരുത്തിയാണ് രാജി സ്വീകരിച്ചത്. പുരി സന്ദർശനത്തിനെത്തിയ ഗവർണർ പ്രൊഫ.ഗണേശി ലാലിനെ മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച വിവരം അറിയിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തിന് ശേഷം ഗവർണർ ജൂൺ 20 മുതൽ റോമും ദുബായും സന്ദർശിക്കാൻ പുറപ്പെടും എന്നതിനാൽ തിങ്കളാഴ്ചയ്ക്കകം പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടപടികൾ പൂർത്തിയാക്കുന്നത് എന്നാണ് ബിജെഡി കേന്ദ്രങ്ങൾ അറിയിക്കുന്നത്.
കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച ഒഡീഷയിലെ ബ്രജ്രാജ് നഗർ നിയമസഭ മണ്ഡലത്തിൽ ബിജെഡി വൻ വിജയം നേടിയിരുന്നു. അളക മൊഹന്തി 65,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കോൺഗ്രസിന്റെ കിഷോർ പട്ടേലിനെയാണ് തോൽപ്പിച്ചത്. ബിജെഡി എംഎൽഎ കിഷോർ മൊഹന്തിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.




