ഛണ്ഡീഗഡ്: പഞ്ചാബിനെ വീണ്ടും നടുക്കി പട്ടാപ്പകൽ നടുറോഡിൽ കൊലപാതകം. മോഗ സ്വദേശി ദേശ് രാജിനെയാണ് ബൈക്കിലെത്തിയ അക്രമി സംഘം നടുറോഡിൽ തടഞ്ഞുനിർത്തി കഴുത്തറുത്തുകൊലപ്പെടുത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

പഞ്ചാബിലെ ബഥനി കാളൻ മേഖലയിലെ മോഗ മാർക്കറ്റിന് സമീപം ഉച്ചയോടെയാണ് സംഭവം നടന്നത്. ബൈക്കിൽ ആയുധങ്ങളുമായെത്തിയ ആറംഗ സംഘമാണ് റോഡിലിട്ട് ജനക്കൂട്ടം നോക്കിനിൽക്കേ ദേശ് രാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ യുവാവിന്റെ തലയും കൈകളും അറ്റു. ചന്തയിലെ തൊഴിലാളിയായ ദേശ് രാജും കൊലപാതകം നടത്തിയ സംഘവും തമ്മിൽ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്.

പ്രതികളും ദേശ് രാജും തമ്മിലുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. വെട്ടേറ്റ് നിലത്ത് വീണ ദേശ് രാജിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളെ തിരിച്ചറിഞ്ഞെന്നും കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും മോഗ എഎസ്‌പി സർഫറസ് ആലം പറഞ്ഞു. കോൺഗ്രസ് നേതാവും പ്രമുഖ ഗായകനുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന് പിന്നാലെ പഞ്ചാബിൽ ക്രമസമാധാനം തകർന്നെന്ന വിമർശനം രൂക്ഷമാവുകയാണ്. അതിനിടെയാണ് പട്ടാപ്പകൽ വീണ്ടും കൊലപാതകം നടന്നത്.