ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമയ്‌ക്കെതിരെ അഴിമതി ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ഭാര്യയുടെയും മകന്റെയും സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽനിന്നും സർക്കാർ കൂടിയ വിലയ്ക്ക് പിപിഇ കിറ്റുകൾ വാങ്ങിയെന്നാണ് ആരോപണം. അറുന്നൂറ് രൂപയുടെ പിപിഇ കിറ്റുകൾ തൊള്ളായിരത്തി തൊണ്ണൂറ് രൂപയ്ക്ക് വാങ്ങിയതിന്റെ രേഖകൾ സിസോദിയ പുറത്ത് വിട്ടു.

പിപിഇ കിറ്റിന് വിപണി വിലയേക്കാൾ ഉയർന്ന വില നൽകിയതെന്നും മനീഷ് സിസോദിയ ആരോപിച്ചു. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ അറസ്റ്റിന് പിന്നാലെയാണ് ആരോപണവുമായി സിസോദിയ രംഗത്തെത്തിയത്.

'ഹിമന്ത ബിശ്വ ശർമ തന്റെ ഭാര്യയുടെ കമ്പനിക്കാണ് കരാർ നൽകയത്. ഒരു പിപിഇ കിറ്റിന് 900 രൂപയാണ് ശർമ നൽകിയത്. എന്നാൽ മറ്റുള്ളവർ അതേ ദിവസം മറ്റൊരു കമ്പനിയിൽ നിന്ന് 600 രൂപയ്ക്ക് കിറ്റുകൾ വാങ്ങിയിരുന്നു. ഇതൊരു വലിയ കുറ്റകൃത്യമാണ്', സിസോദിയ പറഞ്ഞു. ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും സിസോദിയ അവകാശപ്പെട്ടു. തങ്ങളുടെ നേതാവിനെതിരേ നടപടി സ്വീകരിക്കാൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ അഴിമതി ആരോപണമുന്നയിച്ച മനീഷ് സിസോദിയക്കെതിരേ ഹിമന്ത ബിശ്വ ശർമ രംഗത്തെത്തി. ആരോപണം തുടർന്നാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. 'രാജ്യം മുഴുവൻ കോവിഡ് മഹാമാരിയുടെ ഭീതിയിലായിരുന്ന സമയത്ത് അസമിൽ പിപിഇ കിറ്റ് ലഭ്യമായിരുന്നില്ല. ആ സമയത്ത് എന്റെ ഭാര്യ ധൈര്യപൂർവം മുന്നോട്ട് വന്ന് ജീവൻ രക്ഷിക്കാനായി 1500 കിറ്റ് സംഭാവന ചെയ്തു. അതിന് ഒരു പൈസപോലും വാങ്ങിയിരുന്നില്ല', ശർമ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ദ വയർ ആണ് അഴിമതി വാർത്ത പുറത്തുവിട്ടത്. ഹിമന്ത ബിശ്വ ശർമയുടെ ഭാര്യയുടെയും കുടുംബസുഹൃത്തിന്റെയും ഉടമസ്ഥതയിലുള്ള മൂന്ന് സ്ഥാപനങ്ങൾക്കാണ് അസം സർക്കാർ പിപിഇ കിറ്റ് നിർമ്മിക്കാനുള്ള കരാർ നൽകിയത്. ശർമ്മയുടെ ഭാര്യ റിനികി ഭുയാൻ ശർമയും ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

ഡൽഹിയിലെ ആംആദ്മി പാർട്ടിയുടെ മന്ത്രിമാരെ ജെയിലിലടയ്ക്കാൻ ശ്രമിക്കുന്ന ബിജെപി എന്തുകൊണ്ടാണ് ഇതിനെകുറിച്ച് മിണ്ടാത്തതെന്നും സിസോദിയ ചോദിച്ചു. കള്ളക്കേസുണ്ടാക്കി കേന്ദ്ര ഏജൻസികളെ കൊണ്ട് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാൻ ബിജെപി ശ്രമിക്കുകയാണെന്ന് നേരത്തെ കെജ്രിവാൾ ആരോപിച്ചിരുന്നു.