- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്രവാദി സംഘടനകൾക്ക് വിവരം ചോർത്തി നൽകിയ സംഭവം: ഗൂഢാലോചന നടത്തിയത് ഒരു പൊലീസ് ഉദ്യോഗസ്ഥനും എസ് എസ് ബി ഉദ്യോഗസ്ഥനും ചേർന്ന്; പൊലീസുകാരനായ ഭർത്താവിനോട് പക പോക്കുന്നു; ഡിജിപിക്ക് പരാതി നൽകി അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന്റെ ഭാര്യ
ഇടുക്കി: മൂന്നാർ പൊലീസ് സ്റ്റേഷനിൽ നിന്നും തീവ്രവാദി സംഘടനകൾക്ക് വിവരം ചോർത്തി നൽകിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന പൊലീസുകാരിൽ ഒരാളുടെ ഭാര്യ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
ഇടുക്കി പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും മൂന്നാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ് എസ് ബി ഉദ്യോഗസ്ഥനും ചേർന്ന് ഗൂഢാലോചന നടത്തിയാണ് തന്റെ ഭർത്താവിനെ പെടുത്തിയതെന്നും പകപോക്കുകയാണെന്നും പരാതിയിൽ പറയുന്നു.
ഈ മെയ് മാസം 17 തീയതിയാണ് പത്ര-ദൃശ മാധ്യമാങ്ങളിൽ തീവ്രവാദസ്വഭാവമുള്ള സംഘടനകൾക്ക് കമ്പ്യൂട്ടർ ഡേറ്റാ ബേസ് വിവരങ്ങൾ ചോർത്തി നൽകിയതായി വാർത്തകൾ വരുന്നത്.ഇതിന് 10 ദിവസം മുൻപ് ഇടുക്കി പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്റെ ഭർത്താവിനെ വിളിച്ച് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നും ചോദിച്ചത് നേരിട്ട് അറിവുള്ളതാണ്.
വാർത്ത വന്ന ദിവസം ഈ പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ച് ചോദിച്ചപ്പോൾ മൂന്നാർ എസ് എസ് ബി ഉദ്യോഗസ്ഥനാണ് ഇത് പറഞ്ഞത് എന്നും ഇയാളുടെ പേര് വെളിപ്പെടുത്താൻ കഴിയില്ല എന്നും പറഞ്ഞിരുന്നു.
ഇത് തനിക്ക് നേരിട്ട് അറിവുള്ളതും ഭർത്താവ് പറഞ്ഞിട്ടുള്ളതുമാണ്. തന്റെ ഭർത്താവ് ജോലി ചെയ്യുന്ന മൂന്നാർ പൊലീസ് സ്റ്റേഷനിലേക്ക് താമസിക്കുന്ന വീട്ടിൽ നിന്നും 100 കിലോമീറ്ററോളം ദൂരം ഉണ്ട്. അതുകൊണ്ട് തന്റെയും മക്കളുടേയും കാര്യങ്ങൾ നോക്കുന്നതിന് സൗകര്യപ്രദമായ ഒരു സ്ഥലത്തേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതിന് ജില്ലാപൊലീസ് മേധാവിയെ നേരിൽ കണ്ട് അപേക്ഷ നൽകിയിരുന്നു.
ഇത് പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ മാത്രം അറിയാവുന്ന ഈ രഹസ്യം പത്രക്കാർക്ക് ചോർത്തി നൽകിയതിന് പിന്നിൽ മൂന്നാറിലെ തന്റെ ഭർത്താവിനോട് കടുത്തവിരോധം വച്ചുപുലർത്തുന്ന ഇന്റലിജൻസ് എസ്‌ഐ എന്ന് പറയുന്ന എസ് എസ് ബി ഉദ്യോഗസ്ഥനാണ് എന്ന് സംശയിക്കുന്നതായും സംഭവത്തിൽ സമഗ്രമായി അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു
സ്‌പെഷ്യൽ മാര്യേജ് നിയമപ്രകാരം ക്രിസ്തീയ മതവിഭാഗത്തിൽ പെട്ട തന്നെ വിവാഹം കഴിച്ച മുസ്ലിം മതവിഭാഗത്തിൽ പെട്ട തന്റെ ഭർത്താവും താനും യാതൊരുവിധ മതചിട്ടകൾക്ക് അനുസരിച്ചല്ല ജീവിക്കുന്നത് എന്നും പരാതിയിൽ പറയുന്നു.
തങ്ങൾ ഇരുവരും മിശ്രവിവാഹിതരാണ് എന്നും അടക്കമുള്ള വ്യക്തിപരമായ വിവരങ്ങൾ അടക്കം പത്രദൃശ്യമാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് തീവ്രചിന്താഗതി വച്ചുപുലർത്തുന്ന പല സംഘടനകൾക്കടക്കം തന്റെ ഭർത്താവിനെ ഉപദ്രവിക്കാൻ സാഹചര്യം ഒരുക്കുക എന്ന അതീവഗൂഢ ഉദ്ദേശത്തോടെയാണ് എന്ന് സംശയിക്കുന്നു .
തനിക്കും രണ്ട് മക്കൾക്കും ഭർത്താവിനും ഇതിന്റെ പേരിൽ ജീവഹാനി നേരിടുമോയെന്ന് ഭയപ്പെടുന്നതായും ചില ഉദ്യോഗസ്ഥരുടെ വ്യക്തിവിരോധം തീർക്കുന്നതിന് പൊലീസ് സേനയേ ആകെ കരിവാരി തേക്കുന്ന പ്രവൃത്തിയാണ് ഉണ്ടായിട്ടുള്ളത്.പൊലീസിൽ നടക്കുന്ന രഹസ്യാന്വേഷണവും കണ്ടെത്താൻ കഴിയാത്തതും ഇല്ലാത്തതുമായ കാര്യങ്ങൾ പത്ര ദൃശ്യമാധ്യമാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ആരെണെന്ന് അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
ഇടുക്കി എസ്‌പി യോ മൂന്നാർ ഡി വൈ.എസ്‌പി യോ സി ഐ യോ പറയാത്ത കാര്യങ്ങൾ പത്രദൃശ്യമാധ്യമങ്ങളിൽ പൊലീസ് ഭാഷ്യം എന്നപേരിൽ വളരെ പ്രാധാന്യത്തോടെ പ്രചരിച്ചതിന് പിന്നിൽ ആരാണെന്ന് അന്വേഷണം നടത്തി കണ്ടുപിടിക്കേണ്ടതാണ് എന്നും ഇതിന്റെ ഗൗരവം വളരെ വലുതാണ് എന്നും പൊലീസ് സേനയെ ആകെ ഇത് പ്രതിസന്ധിയിലാക്കും എന്നും പരാതിയിൽ പറയുന്നു. പരാതിയുടെ പകർപ്പ് സംസ്ഥാന ഇന്റലിജൻസ് മേധാവി എറണാകുളം റേഞ്ച് ഐജി ഇടുക്കി ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്കും നൽകിയിട്ടുണ്ട് എന്നും പരാതിക്കാരി പറയുന്നു
മറുനാടന് മലയാളി ലേഖകന്.