ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അൽഖോർ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് യൂത്ത് ഫോറം ഖത്തർ ദഖീറ ബീച്ച് പരിസരം ശുചീകരിച്ചു. പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും സെവൻസീസും സംയുക്തമായി ആരംഭിച്ച 'വൺ ടൈഡ്' പ്രോഗ്രാമിന് കീഴിലാണ് തീര ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.

പ്ലാസ്റ്റിക് വസ്തുക്കൾ, അലുമിനിയം കാനുകൾ, കുപ്പികൾ, തടിക്കഷ്ണങ്ങൾ തുടങ്ങിയവ യുൾപ്പെടെയുള്ള മാലിന്യങ്ങൾ പ്രദേശത്ത് നിന്നും ശേഖരിച്ച് നീക്കം ചെയ്തു. ആരോഗ്യ-സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ അമ്പതോളം യൂത്ത് ഫോറം സന്നദ്ധ പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു.

പരിസ്ഥിതി സംരക്ഷണത്തിലും പരിസര ശുചിത്വ-പരിപാലനത്തിലും പുതുതലമുറക്ക് ഒട്ടേറെ ആവേശം പകരുന്നതായിരുന്നു പരിപാടി. അതോടൊപ്പം ലൈഫ് ബിലോ വാട്ടർ, ലൈഫ് ഒൺ ലാൻഡ് എന്നീ ആശയങ്ങളിൽ ഊന്നിയുള്ള 'ഖത്തർ നാഷണൽ വിഷൻ 2030', ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്.ഡി.ജി) എന്നിവയുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതിൽ യൂത്ത് ഫോറം സന്നദ്ധത അറിയിക്കുകയും ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള വ്യതസ്ത പരിപാടികൾ എക്കാലവും യൂത്ത് ഫോറത്തിന്റെ താൽപര്യമാണെന്ന് പ്രസിഡന്റ് എസ്.എസ് മുസ്തഫ പറഞ്ഞു. പരിപാടിക്ക് മുഴുവൻ പിന്തുണയും സഹകരണവും നൽകിയ അൽഖോർ മുനിസിപ്പാലിറ്റി അധികൃതർക്കും വിജയത്തിനായി ആദ്യാവസാനം യത്‌നിച്ച യൂത്ത് ഫോറം സന്നദ്ധ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു