- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർസോൺ വനത്തിനുള്ളിൽ മാത്രമായി നിജപ്പെടുത്തണം; കർഷകഭൂമി കയ്യേറാൻ അനുവദിക്കില്ല: അഡ്വ.വി സി.സെബാസ്റ്റ്യൻ
കോട്ടയം: വനമേഖലകളുടെ സംരക്ഷണത്തിനായി കർഷകരുടെ കൃഷിഭൂമി കയ്യേറി ബഫർസോൺ അനുവദിക്കാനാവില്ലെന്നും ബഫർസോൺ വനത്തിനുള്ളിൽ മാത്രമായി നിജപ്പെടുത്തി വനാതിർത്തി പുനർനിർണ്ണയിക്കുകയാണ് വേണ്ടതെന്നും ഇൻഫാം ദേശിയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും കൈവശഭൂമിയേയും ബഫർസോണായി കണക്കാക്കി കർഷകരുൾപ്പെടെ മലയോരജനതയുടെ ജീവിതത്തിനു വെല്ലുവിളിയുയർത്തുന്ന സുപ്രീം കോടതി വിധി രാജ്യത്തുടനീളം വൻ പ്രത്യാഘാതങ്ങളുണ്ടാക്കും. വനവൽക്കരണത്തിന്റെ മറവിൽ കർഷകഭൂമി കയ്യേറാൻ ആരെയും അനുവദിക്കില്ല. സുപ്രീം കോടതി വിധി വനാതിർത്തിക്ക് പുറത്തേയ്ക്ക് പരിസ്ഥിതി ലോലമേഖല വ്യാപിപ്പിക്കാനുള്ള നിർദ്ദേശമായി വ്യാഖ്യാനിച്ച് ഉദ്യോഗസ്ഥ ഇടപെടലുകളുണ്ടായാൽ എന്തുവിലകൊടുത്തും കർഷകർ എതിർക്കും.
വനവും വന്യജീവികളേയും സംരക്ഷിക്കുവാൻ നിയമങ്ങൾ സൃഷ്ടിക്കുന്നവരും ഉത്തരവുകളിറക്കുന്നവരും നീതിനിർവ്വഹണ സംവിധാനങ്ങളും കൃഷിഭൂമിയിൽ ജീവിക്കാൻവേണ്ടി കഷ്ടപ്പെടുന്ന കർഷകരെ ബലിയാടാക്കുന്നത് അപലപനീയമാണ്. ഖനനവും വൻകിട ഫാക്ടറികളും കർഷകരുടേതല്ല. ഖനനമാഫിയകൾ സംരക്ഷിത വനമേഖലകളിലുണ്ടെങ്കിൽ വനംവകുപ്പിന്റെയും രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെയും ഒത്താശയോടെയാണിവർ പ്രവർത്തിക്കുന്നത്. ഖനനമാഫിയകളുടെയും വനം വന്യജീവി സംരക്ഷണത്തിന്റെയും മറവിൽ കർഷകരെ കൃഷിഭൂമിയിൽനിന്നു തുടച്ചുനീക്കി ക്രൂശിക്കാൻ അനുവദിക്കില്ലെന്നും ബഫർസോൺ വനത്തിനുള്ളിൽ മാത്രമായി നിജപ്പെടുത്തി നിലനിർത്തണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.