ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം വർണ്ണവൈവിധ്യമായ പരിപാടികളോടെ നടന്നു. ഹിൽട്ടൻ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ റിച്ച്മണ്ട് കൗണ്ടി ക്രിമിനൽ കോർട്ട് ജഡ്ജി ആദരണീയനായ ബിജു കോശി മുഖ്യാതിഥിയായിരുന്നു.

അമേരിക്കയിലേക്കുള്ള മലയാളി കുടിയേറ്റം ആറു പതിറ്റാണ്ടു കഴിയുമ്പോൾ എല്ലാ മേഖലയിലും അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചതിൽ നമുക്കഭിമാനിക്കാം. മെഡിക്കൽ, വിദ്യാഭ്യാസ രംഗത്തു നിന്നും രാഷ്ട്രീയവും സാമൂഹ്യവും ഭരണപരവുമായ മേഖലയിലേക്ക് പുതിയ തലമുറ എത്തിപ്പെട്ടിരിക്കുന്നു. സ്‌ക്കൂൾ കോളേജ് വിദ്യാർ്തഥി. വിദ്യാർത്ഥിനികൾക്ക് വഴികാട്ടിയാകുവാൻ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് കഴിയട്ടെയെന്ന് ജഡ്ജി ബിജു കോശി ആഹ്വാനം ചെയ്തു.

ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മപരിപാടികൾ ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി. ജെമിനി തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി ശ്രീ.ജോസ് ഏബ്രഹാം അവതാരകനായിരുന്നു.

അമേരിക്കൻ മലയാളി സമൂഹത്തിന് സുപരിചിതനായ കലാകാരനും ഗായകനുമായ റോഷൻ മാമ്മൻ, ശ്രീമതി. ടിന്റു മോൾ എന്നിവരുടെ ഗാനങ്ങൾ, മനു അലക്‌സ് ചിട്ടപ്പെട്ടിയ കുട്ടികളുടെ നൃത്തങ്ങൾ എന്നിവ ചടങ്ങിന് ചാരുതയേകി. അസോസിയേഷന്റെ മുൻകാല പ്രസിഡന്റുമാരും മുൻനിര പ്രവർത്തകരും ഭാരവാഹികളും ഉൾപ്പെട്ട സമൂഹം ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ഡിന്നർ ബാങ്ക്വറ്റിൽ പങ്കു ചേർന്ന ഏവർക്കും ജോസ് വർഗീസ് (ജോയിന്റ്. സെക്രട്ടറി) കൃതജ്ഞതയർപ്പിച്ചു. ട്രഷറർ .അലക്‌സ് വലിയവീടൻസ് രജിസ്‌ട്രേഷൻ, ഗ്രാന്റ് ഡിന്നർ ബാങ്ക്വറ്റ് എന്നിവക്ക് നേതൃത്വം നൽകി.

പിക്‌നിക്ക്, വിനോദയാത്രകൾ തുടങ്ങി ഈ വർഷം നടത്തുവാനുദ്ദേശിക്കുന്ന (എല്ലാ പരിപാടികളിലേക്കും) പ്രസിഡന്റ് ജെമിനി തോമസ് ഏവരേയും സ്വാഗതം ചെയ്യുകയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു.