ലഖ്നൗ: പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ ഹാപുർ ജില്ലയിലെ ഫാക്ടറിയിൽ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി.സംഭവത്തിൽ 16 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു.

ധോലനയിലെ യു.പി.എസ്‌ഐ.ഡി.സി. ഇൻഡസ്ട്രിയൽ മേഖലയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. സംഭവസമയത്ത് 30 പേർ ഫാക്ടറിക്കുള്ളിൽ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സ്‌ഫോടനം നടക്കുന്ന സമയത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത് വന്നു.

ശക്തിയേറിയ സ്ഫോടനമായിരുന്നു ഫാക്ടറിക്കുള്ളിൽ നടന്നത്. ഇതേത്തുടർന്ന് സമീപത്തെ മറ്റു ഫാക്ടറികളുടെ മേൽക്കൂരകൾക്ക് കേടുപാടുണ്ടാവുകയും ചെയ്തു. മൂന്നുമണിക്കൂറുകൊണ്ടാണ് ഫാക്ടറിയിലെ തീയണയ്ക്കാൻ കഴിഞ്ഞത്. ഇലക്ട്രോണിക്സ് സാമഗ്രികൾ നിർമ്മിക്കാനുള്ള ലൈസൻസ് ആയിരുന്നു ഫാക്ടറിക്കുണ്ടായിരുന്നതെന്നും, എന്നാൽ അവിടെ നിർമ്മിക്കപ്പെട്ടിരുന്നത് പടക്കങ്ങളായിരുന്നെന്നും പൊലീസ് പറഞ്ഞു.