ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ തർക്കം രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ അയച്ച് കോൺഗ്രസ് നേതൃത്വം. മഹാരാഷ്ട്രയിൽ മല്ലികാർജ്ജുൻ ഖാർഗെയേയും രാജസ്ഥാനിലേക്ക് പവൻകുമാർ ബൻസാൽ, ടി എസ് സിങ് ദേവ് എന്നിവരേയും ഹരിയാനയിലേക്ക് ഭൂപേഷ് ബാഗേൽ, രാജീവ് ശുക്‌ള എന്നിവരേയുമാണ് നിരീക്ഷകരായി അയച്ചിരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഇടഞ്ഞു നിൽക്കുന്ന സംസ്ഥാന നേതാക്കളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാൻഡിന്റെ ഇടപെടൽ.

അതേസമയം പഞ്ചാബിൽ കോൺഗ്രസ് നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കി. അമരീന്ദർസിങ്, സുനിൽ ജാക്കർ, നാല് മുൻ മന്ത്രിമാർ, ഒരു എംഎൽഎ, ഇതിനോടകം കോൺഗ്രസ് വിട്ട പഞ്ചാബിലെ നേതാക്കളുടെ പട്ടിക നീളുകയാണ്. അസംതൃപ്തരായി ഒരു ഡസനിലേറെ നേതാക്കൾ പാളയം വിടുന്നുവെന്ന സൂചന കിട്ടിയതോടെയാണ് മുൻ പിസിസി അധ്യക്ഷൻ സുനിൽ ജാക്കറിനെ തുറുപ്പ് ചീട്ടാക്കാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്.