ലക്‌നൗ: കാൺപൂർ സംഘർഷത്തിൽ അറസ്റ്റിലായവർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്ന് യുപി പൊലീസ്. പ്രതികളുടെ സ്വത്തുകണ്ടു കെട്ടും. വേണ്ടിവന്നാൽ ബുൾഡോസർ ഉപയോഗിക്കുമെന്നും യുപി എഡിജിപി പ്രശാന്ത് കുമാർ വ്യക്തമാക്കി.

സംഘർഷത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ഇടപെലും അന്വേഷണ പരിധിയിലാണെന്ന് പൊലീസ് അറിയിച്ചു. പ്രധാനപ്രതിയുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലിൽ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് ബന്ധം തെളിക്കുന്ന രേഖകൾ കണ്ടെത്തിയെന്നും സംഘർഷത്തിലെ പിഎഫ്‌ഐ ബന്ധത്തെക്കുറിച്ചും അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറയുന്നു.

സംഘർത്തിൽ 36 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 800 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സംഘർഷത്തിന്റെ പ്രധാന സൂത്രധാരൻ സഫർ ഹാഷ്‌നമി ഉൾപ്പെടെ അറസ്റ്റിലായെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ വീഡിയോ പരിശോധിച്ച് വരികയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും കാൺപൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് മീണ വ്യക്തമാക്കി.

ബിജെപി വക്താവ് നൂപർ ശർമ്മ ഒരു ചാനൽ ചർച്ചയിൽ പ്രവാചകനെതിരെ നടത്തിയ പരാമർശം ഉത്തർപ്രദേശിന്റെ സമാധാന അന്തരീക്ഷത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ബിജെപി നേതാവ് നടത്തിയ പ്രസ്താവനക്കെതിരെയുള്ള ഹർത്താലാണ് കാൺപൂരിൽ സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ നൂപുർ ശർമയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ബിജെപി സസ്‌പെൻഡ് ചെയ്തിരുന്നു.

പ്രവാചകനെ പരിഹസിച്ചുള്ള ബിജെപി നേതാവിന്റെ പ്രസംഗത്തിന് പിന്നാലെയാണ് കാൺപൂരിൽ സംഘർഷം ഉണ്ടായത്. മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നൂപുർ ശർമ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടയി കടകൾ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തെരുവിൽ ഏറ്റുമുട്ടിയ ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. പൊലീസിന് നേരെയും കല്ലേറുണ്ടായി. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. അക്രമങ്ങളിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു.

അന്വേഷണവും അറസ്റ്റും തുടരുന്നതിനിടെയാണ് പ്രതികൾക്കെതിരെ ശക്തമായ നടപടി വരുമെന്നും ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിൽ നിന്നുള്ള നിർദ്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കുമെന്നും പൊലീസ് ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ആവശ്യമെങ്കിൽ ബുൾഡോസർ ഉപയോഗിക്കുമെന്നും യുപി പൊലീസ് എഡിജിപി വ്യക്തമാക്കി.